മലപ്പുറം: മലപ്പുറം തുവ്വൂരിൽ കൃഷിഭവനിൽ ജോലിചെയ്തിരുന്ന യുവതിയുടെ കൊലപാതകം ആസൂത്രിതമെന്ന് പോലീസ്.
ദൃശ്യം സിനിമാ മോഡലില്‍ തെളിവ് നശിപ്പിക്കാന്‍ പ്രതികള്‍ ശ്രമിച്ചെന്നും എസ് പി വ്യക്തമാക്കി.കയ്യും കാലും ബന്ധിച്ച് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് സുജിതയുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടിട്ട് 10 ദിവസം പിന്നിട്ടതിനാൽ മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു.
കുടുംബശ്രീ പ്രവർത്തകയും കൃഷിഭവൻ താൽക്കാലിക ജീവനക്കാരിയുമായ പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിതയെ ആഗസ്റ്റ് 11നാണ് കാണാതായത്.സുജിതയുടെ ഫോണിൽ അവസാനമായി വിളിച്ചത് പ്രതി വിഷ്ണുവായിരുന്നു. വിഷ്ണുവിന്റെ വീട്ടിൽ വെച്ചാണ് സുജിതയെ പ്രതികൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് ആഭരണങ്ങൾ മോഷ്ടിച്ചു. ഇതിനു ശേഷം മൃതദേഹം കട്ടിലിന് അടിയിൽ സൂക്ഷിച്ചു.
യുവതിയുടെ തിരോധാനത്തെത്തുടർന്ന് സംശയമുള്ളവരെയെല്ലാം പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. അങ്ങനെയാണ് വിഷ്ണുവിനെയും നിരീക്ഷണത്തിലാക്കിയത്. ഇയാളുടെ കോൺടാക്ടുകൾ പരിശോധിച്ചതിൽ നിന്നും യുവതിയുടെ ആഭരണങ്ങൾ ജുവലറിയിൽ പണയം വെച്ചതായി സൂചന കിട്ടി. ഇതേത്തുടർന്ന് ഇയാളെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം തെളിയുന്നത്.
കൊലപാതകം നടത്തിയശേഷം അന്ന് ഉച്ചയ്ക്ക് ജുവലറിയിൽ പോയി വിഷ്ണു സുജിതയുടെ സ്വർണം പണയം വെക്കുകയും, പണം വീതം വെച്ച് കൂട്ടുപ്രതികൾക്കെല്ലാം നൽകുകയും ചെയ്തു. തുടർന്ന് രാത്രി പ്രതികൾ ഒത്തുകൂടി വീടിനു സമീപത്തെ മാലിന്യക്കുഴി വിപുലീകരിച്ച് മൃതദേഹം മണ്ണിട്ടു മൂടി. ദുർഗന്ധം പുറത്തു വരാതിരിക്കാനായി പ്രതികൾ അവിടെ മെറ്റൽ പൊടിയും മറ്റും കൂട്ടിയിട്ടിരുന്നുവെന്ന് മലപ്പുറം എസ്പി പറഞ്ഞു.