കാഞ്ഞിരപ്പള്ളി: കാലങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കാഞ്ഞിരപ്പള്ളിയുടെ സ്വപ്നപദ്ധതിയായ ബൈപാസ് നിർമാണത്തിന്റെ ആദ്യഘട്ടത്തിന് തുടക്കം. നിർമ്മാണത്തിന് പ്രധാന വെല്ലുവിളിയായിരുന്നു മരം മുറിക്കൽ നടപടികൾ ആരംഭിച്ചു.ഈരാറ്റുപേട്ട സ്വദേശിയായ സ്വകാര്യ വ്യക്തിയാണ് മരങ്ങൾ ലേലത്തിന് എടുത്തിരിക്കുന്നത്. പദ്ധതി പ്രദേശത്തെ മണ്ണ് പരിശോധനയും ആരംഭിച്ചു.
കരാർ ഏറ്റെടുത്തിരിക്കുന്ന ഗുജറാത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന ബാക്ക് ബോൺ ഏജൻസിസും ആർ ബി ഡി സി അധികൃതരും പങ്കെടുക്കുന്ന സംയുക്ത യോഗം ഈ മാസം 21ന് എറണാകുളത്തു വെച്ച് നടക്കും. യോഗത്തിന് ശേഷമാകും ബൈപ്പാസ് നിർമ്മാണത്തിന്റെ പണികൾ ആരംഭിക്കുന്നത്. ഒന്നരവർഷം കൊണ്ട് പൂർത്തീകരിക്കുന്ന തരത്തിലാണ് കരാർ. ബൈപാസ് യാഥാർഥ്യമായാൽ ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാകും.

ദേശീയ പാത 183ൽ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫിസിനു മുൻപിലെ വളവിൽ നിന്നാരംഭിച്ച് മണിമല റോഡിനും ചിറ്റാർ പുഴയ്ക്കും മീതെ മേൽപാലം നിർമിച്ചു പൂതക്കുഴിയിൽ ഫാബീസ് ഓഡിറ്റോറിയത്തിനു സമീപം ദേശീയ പാതയിൽ പ്രവേശിക്കുന്നതാണു നിർദിഷ്ട ബൈപാസ് പദ്ധതി.1.626 കിലോമീറ്റർ ദൂരമുള്ള ബൈപാസിനു 15 മുതൽ 18 മീറ്റർ വരെ വീതിയുണ്ടാകും.