വയനാട് : ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ ഇടം നേടി മലയാളി താരം. ബിസിസിഐ പ്രഖ്യാപിച്ച 18 അംഗ ട്വന്റി-20 ടീമിലാണ് മലയാളിയായ മിന്നു മണിക്ക് സ്ഥാനം ലഭിച്ചത്.

കേരളത്തിൽനിന്ന് ഇന്ത്യൻ വനിതാ ട്വന്റി20 ടീമിൽ ഇടംപിടിക്കുന്ന ആദ്യ താരമാണ് മിന്നു. ബംഗ്ലദേശിനെതിരെ ഞായറാഴ്ച തുടങ്ങുന്ന പരമ്പരയ്ക്കുള്ള ടീമിലേക്കാണ് ഈ ഇരുപത്തിനാലുകാരി തിരഞ്ഞെടുക്കപ്പെട്ടത്.

വയനാട് മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശിയാണ് മിന്നു മണി . പ്രഥമ വനിത ഐ.പി.എല്ലിൽ ഡൽഹി കാപിറ്റൽസ് താരമായിരുന്നു. പതിനാറാം വയസ്സിൽ കേരള ക്രിക്കറ്റ് ടീമിലെത്തിയ താരം 10 വർഷമായി ടീമിൽ സ്ഥിരാംഗമാണ്. 2019ൽ ബംഗ്ലാദേശിൽ പര്യടനം നടത്തിയ ഇന്ത്യൻ എ ടീമിൽ അംഗമായിരുന്നു. ഏഷ്യാകപ്പ് ജൂനിയർ ചാമ്പ്യൻഷിപ്പിലും കളത്തിലിറങ്ങി. ഇടംകൈ ബാറ്ററും വലംകൈ ഓഫ് സ്പിന്നറുമായ മിന്നു ചരിത്രത്തിലാദ്യമായി കേരളം അണ്ടർ 23 ചാംപ്യന്മാരായപ്പോൾ ടൂർണമെന്റിലെ ടോപ് സ്കോറർ ആയിരുന്നു.

മൂന്ന് ട്വന്റി20 മത്സരങ്ങളാണ് ഇന്ത്യ ബംഗ്ലദേശിനെതിരെ കളിക്കുന്നത്. മിർപൂരിലാണ് മത്സരങ്ങൾ.

ഇന്ത്യൻ വനിതാ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ഥന, ദീപ്തി ശർമ, ഷെഫാലി വർമ, ജെമീമ റോഡ്രിഗസ്, യാസ്തിക ഭാട്യ (വിക്കറ്റ് കീപ്പർ), ഹർലീൻ ഡിയോൾ, ദേവിക വൈദ്യ, ഉമ ഛേത്രി (വിക്കറ്റ് കീപ്പർ), അമന്‍ജ്യോത് കൗർ, എസ്. മേഘ്ന, പൂജ വസ്ത്രകാർ, മേഘ്ന സിങ്, അഞ്ജലി സർവാനി, മോണിക പട്ടേൽ, റാഷി കനോജിയ, അനുഷ ബറേദി, മിന്നു മണി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed