ചങ്ങനാശ്ശേരിയിൽ നിരോധിത പുകയില ഉല്‍പ്പന്നമായ ഹാൻസ്, കൂൾലിപ് എന്നിവയുടെ 36,000 ഓളം പാക്കറ്റുകൾ അടങ്ങിയ വൻ ശേഖരമാണ് ചങ്ങനാശ്ശേരി പോലീസ് പിടികൂടിയത്. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി ഫാത്തിമാപുരം കുന്നക്കാട് ഭാഗത്ത് പുത്തൻപീടിക വീട്ടിൽ അനീഷ് മകൻ മുഹമ്മദ് സാനിദ് (23), തിരുവല്ല കാവുംഭാഗം ആലന്തുരുത്തി വേങ്ങ ഭാഗത്ത് കോതക്കാട്ട്ചിറ വീട്ടിൽ രാജൻ മകൻ രതീഷ് കുമാർ (33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചങ്ങനാശ്ശേരിയിലെ മുൻസിപ്പൽ വാർഡിലെ വീട്ടിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചങ്ങനാശ്ശേരി പോലീസും, ഡൻസാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടുന്നത്. കോട്ടയം ജില്ലയിൽ സമീപകാലത്ത് നടത്തിയതിൽ ഏറ്റവും വലിയ ഹാൻസ് വേട്ടയാണ് ചങ്ങനാശ്ശേരിയിൽ നടന്നത്.

അന്യസംസ്ഥാനത്ത് നിന്നും കടത്തിക്കൊണ്ടുവന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കായി വാടകവീട്ടിൽ സൂക്ഷിച്ചു വരികയായിരുന്നു. പുകയില ഉല്‍പ്പന്നങ്ങൾ കടത്തിക്കൊണ്ടുവന്ന വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തു. സ്കൂൾ, കോളേജുകൾ കേന്ദ്രീകരിച്ച് കടകളിൽ വിൽപ്പന നടത്തുന്നതിന് വേണ്ടിയാണ് പുകയില ഉല്‍പ്പന്നങ്ങൾ ഇവിടെ സൂക്ഷിച്ചിരുന്നത്.

ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി സനൽകുമാർ, ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്.എച്ച്. ഓ റിച്ചാർഡ് വർഗീസ്, എസ്.ഐ പ്രസാദ് ആർ. നായർ, ഷിനോജ്, എ.എസ്.ഐ സിജു കെ സൈമൺ, രഞ്ജീവ് ദാസ്, സി.പി.ഓ മാരായ മുഹമ്മദ്, തോമസ് സ്റ്റാൻലി, അതുൽ കെ. മുരളി, അരുൺ,അജയകുമാർ എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. ഈ കേസിൽ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും ഇവർക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ എത്തിച്ചുകൊടുക്കുന്നവരെപറ്റിയും അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *