പാലാ: സ്വകാര്യ ബസിന്റെ അമിതവേഗതയും മത്സരയോട്ടവും വീണ്ടുമൊരു വിലപ്പെട്ട ജീവൻ കൂടി കവർന്നു. പാലാ – ഈരാറ്റുപേട്ട റൂട്ടിൽ മുണ്ടാങ്കൽ സ്കൂളിന് സമീപമുണ്ടായ ദാരുണമായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് തൽക്ഷണം മരണപ്പെട്ടു. വെള്ളൂർ ഇരുമ്പനം സ്വദേശി താന്നിപ്പള്ളിൽ നിതിൻ ജോസ് (30) ആണ് മരിച്ചത്.

പ്ലാശനാൽ വഴി സർവീസ് നടത്തുന്ന ‘ശാലോം’ എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. പാലാ ഭാഗത്തുനിന്നും അമിതവേഗത്തിൽ വന്ന ബസ്, മുന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന നിതിന്റെ ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായും തകരുകയും ബസിനടിയിലേക്ക് പെട്ടുപോയ നിതിൻ സംഭവസ്ഥലത്തു വച്ചുതന്നെ മരണപ്പെടുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാലാ പൊലീസും നാട്ടുകാരും ചേർന്നാണ് തുടർനടപടികൾ സ്വീകരിച്ചത്.


