പലയിടത്തായി അഞ്ച് യുവതികളെ വിവാഹം ചെയ്യുകയും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും ചെയ്ത 34-കാരൻ ഭുവനേശ്വറിൽ അറസ്റ്റിൽ. സത്യജിത്ത് സമൽ എന്നയാളെയാണ് പൊലീസ് കെണിയൊരുക്കി പിടികൂടിയത്.

അതേസമയം തന്നെ 49 യുവതികളെ ഇയാൾ വിവാഹം ചെയ്യാൻ വിവാഹാഭ്യര്‍ത്ഥന നടത്തിയെന്നും അന്വേഷണത്തിനിടെ ഒഡിഷ പൊലീസ് കണ്ടെത്തി. വിവാഹിതരായ രണ്ട് സ്ത്രീകളിൽ നിന്ന് വ്യത്യസ്തമായ പരാതികൾ ലഭിച്ചതോടെയാണ് തട്ടിപ്പ് വീരനെ കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.

തുടര്‍ന്ന് ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഉപയോഗിച്ച് കെണിയൊരുക്കുകയും സത്യജിത്ത് സമൽ ഇവരെ കാണാൻ വന്നപ്പോൾ അറസ്റ്റ് ചെയ്യുകയും ആയിരുന്നു എന്ന് ഭുവനേശ്വർ-കട്ടക്ക് പോലീസ് കമ്മീഷണർ സഞ്ജീബ് പാണ്ഡ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.

പ്രതിയുടെ കൈയിൽ നിന്ന് ഒരു കാർ, മോട്ടോർ സൈക്കിൾ, 2.10 ലക്ഷം രൂപ, ഒരു പിസ്റ്റൾ, വെടിമരുന്ന്, രണ്ട് വിവാഹ കരാർ സർട്ടിഫിക്കറ്റുകൾ എന്നിവ പോലീസ് കണ്ടെടുത്തു. ചോദ്യം ചെയ്യലിൽ, വിവാഹ സര്‍ട്ടിഫിക്കറ്റിലുള്ള രണ്ട് സ്ത്രീകളെയും മറ്റൊരാളെയും താൻ വിവാഹം കഴിച്ചതായി ഇയാൾ സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു.

ആകെ അഞ്ച് ഭാര്യമാരിൽ രണ്ട് പേർ ഒഡീഷയിൽ നിന്നുള്ളവരും ഒരാൾ കൊൽക്കത്തയിൽ നിന്നും മറ്റയാൾ ദില്ലിയിൽ നിന്നുള്ളവരാണ്. അഞ്ചാമത്തെ സ്ത്രീയുടെ വിശദാംശങ്ങൾ പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല.സമലിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായും പാണ്ടെ പറഞ്ഞു. സംസ്ഥാനത്തെ ജാജ്പൂർ ജില്ലയിൽ നിന്നുള്ളയാളാണ് സമൽ. നിലവിൽ ഭുവനേശ്വറിൽ താമസിക്കുന്ന പ്രതി മാട്രിമോണിയൽ സൈറ്റുകൾ വഴി യുവ വിധവകളെയും വിവാഹമോചിതരെയും ലക്ഷ്യമിട്ടിരുന്നതായും പൊലീസ് വ്യക്തമാക്കി.

വിവാഹവാഗ്ദാനം നൽകി പണവും കാറും ആവശ്യപ്പെടും, ഈ പണം തിരികെ ചോദിച്ചാൽ ഇയാൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നാണ് 49 സ്ത്രീകളുമായി മാട്രിമോണിയൽ സൈറ്റിൽ ചാറ്റ് ചെയ്യുകയും വിവാഹാഭ്യര്‍ത്ഥന നടത്തുന്നതായും പൊലീസിന് മനസിലായത്. ഫെബ്രുവരിയിൽ സ്ത്രീ നൽകിയ പരാതിയെ തുടർന്നാണ് സമലിനെതിരെ അന്വേഷണം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *