കൊച്ചി: കാലടി സര്‍വകലാശാല വിവാദത്തില്‍ സിപിഎമ്മിന്റെ ക്ലാസ് ആവശ്യമില്ലെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം ജോണ്‍. തന്റെ മണ്ഡലത്തില്‍പ്പെട്ട സ്ഥലമാണ്. കാലടിയില്‍ എന്താണ് നടന്നതെന്ന് തനിക്ക് ബോധ്യമുണ്ട്. തന്റെ ഓഫീസിലേക്കോ വീട്ടിലേക്കോ സമരം നടത്തിക്കോട്ടെയെന്നും, സമരത്തിന് താന്‍ എതിരല്ലെന്നും മന്ത്രി റോജി എം ജോണ്‍ പറഞ്ഞു.

കാലടിയില്‍ നടന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. അന്വേഷണം നടത്തി റിപ്പോര്‍ട്ട് വരട്ടെ. പറഞ്ഞ കാര്യങ്ങളൊക്കെ എല്ലാ ദിവസവും ആവര്‍ത്തിക്കേണ്ട കാര്യമില്ല. സംഘപരിവാറിന് വേണ്ടി ആരാണ് പണിയെടുക്കുന്നതെന്ന് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്. അതൊക്കെ പലയാവര്‍ത്തി ചര്‍ച്ച ചെയ്തിട്ടുള്ള കാര്യമാണെന്നും മന്ത്രി റോജി എം ജോണ്‍ കൂട്ടിച്ചേര്‍ത്തു.

സര്‍വകലാശാലകളില്‍ ഗവര്‍ണറുമായി മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സര്‍വകലാശാല നിയമനങ്ങളില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് ആരെ സുഖിപ്പിക്കാനായിരുന്നു?, ആരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു എന്ന് മന്ത്രി റോജി എം ജോണ്‍ ചോദിച്ചു. സമരങ്ങളെ സ്വാഗതം ചെയ്യുന്നു. സമരങ്ങള്‍ ജനാധിപത്യത്തിന്റെ ഭാഗമാണ്. സമരം നടത്തുന്നതിന് താന്‍ എതിരല്ല. ഞങ്ങളൊക്കെ നിരവധി സമരം നടത്തിയിട്ടുണ്ടെന്നും റോജി എം ജോണ്‍ പറഞ്ഞു.

സര്‍വകലാശാലയുടെ നടപടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ കോടതിയുടെ വിധി വരട്ടെ. നമുക്ക് കാത്തിരിക്കാം. കോടതി വിധി എന്താണെന്നത് അനുസരിച്ച് സര്‍വകലാശാല നടപടി എടുത്ത് മുന്നോട്ടു പോകുമെന്നും മന്ത്രി റോജി എം ജോണ്‍ വ്യക്തമാക്കി. പ്രതീകാത്മകമായി ‘ശവമഞ്ചം വെച്ച് നാടകം’ കളിച്ചതിന്റെ പേരിൽ, എസ്എഫ്‌ഐ പ്രവര്‍ത്തകരായ 16 വിദ്യാർത്ഥികളെ 60 ദിവസത്തേക്കാണ് സർവകലാശാല സസ്പെൻഡ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *