അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ സംസ്കാരത്തോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിൽ നാളെ അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ഇന്ന് സംസ്ഥാനത്തെമ്പാടും പൊതു അവധിയാണ്. മൂന്ന് ദിവസം ദുഃഖാചരണവും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആലപ്പുഴയിലും നാളെ അവധി പ്രഖ്യാപിച്ചത്.

വിഎസിൻ്റെ മൃതദേഹം പൊതുദർശനം സംസ്ഥാന സെക്രട്ടേറിയേറ്റിലെ ദർബാർ ഹാളിൽ പുരോഗമിക്കുകയാണ്. നൂറ് കണക്കിനാളുകൾ ഇപ്പോഴും വിഎസിനെ കാണാൻ വരിനിൽക്കുകയാണ്. എങ്കിലും ഉച്ചയ്ക്ക് രണ്ട് മണിയോടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്ക് പുറപ്പെടുമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

അതേസമയം പി എസ്. സി നാളെ (ജൂലൈ 23 ബുധനാഴ്ച) നടത്താൻ നിശ്ചയിച്ച പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും കേരള പിഎസ്‌സി അറിയിച്ചു. എന്നാൽ നാളെ നടത്താൻ നിശ്ചയിച്ച അഭിമുഖങ്ങൾക്ക് മാറ്റമില്ലെന്നും അറിയിപ്പിൽ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *