തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ ഉദ്ഘാടനം കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ദീര്‍ഘകാലത്തെ സ്വപ്‌നം യാഥാര്‍ഥ്യമായെന്നും ഇതിനു പിന്തുണ നല്‍കിയ എല്ലാവര്‍ക്കും കേരളത്തിന്റെ നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. തുറമുഖങ്ങള്‍ സാമ്പത്തിക വികസനത്തിന് ഏറ്റവും വലിയ ചാലക ശക്തിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇത്തരം തുറമുഖങ്ങള്‍ ലോകത്ത് കൈവിരലില്‍ എണ്ണാവുന്നവ മാത്രമേ ഉള്ളൂ. ലോകഭൂപടത്തില്‍ ഇന്ത്യ ഇതിലൂടെ സ്ഥാനം പിടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി ജി.ആർ.അനിൽ, വി.ശിവൻകുട്ടി, മന്ത്രി കെ.രാജന്‍, കെ.എൻ.ബാലഗോപാൽ, വി.എൻ.വാസവൻ എന്നിവർ മുഖ്യമന്ത്രിക്കൊപ്പം വേദിയിലുണ്ട്.‘‘കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ കേറിയും കടന്ന് അന്യമാം ദേശങ്ങളില്‍’’ എന്ന മഹാകവി പാലാ നാരായണന്‍ നായരുടെ കവിതയിലെ വരികള്‍ ചൊല്ലിയാണ് തുറമുഖ മന്ത്രി വി.എന്‍.വാസവന്‍ പ്രസംഗം ആരംഭിച്ചത്. ആ കാവ്യഭാവന അര്‍ഥപൂര്‍ണമാകുന്ന നിമിഷങ്ങള്‍ക്കാണ് വിഴിഞ്ഞം സാക്ഷ്യം വഹിക്കുന്നത്. നാടിന്റെ വികസനചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടുന്ന പദ്ധതിയാണിത്. ലോകമെമ്പാടുമുള്ള മലയാളികള്‍ അഭിമാനത്തോടെയാണ് ഈ നിമിഷത്തെ നോക്കിക്കാണുന്നതെന്നും മന്ത്രി പറഞ്ഞു.
ആദ്യ കണ്ടെയ്നർ മദർഷിപ് ഇന്നലെയാണ് വിഴിഞ്ഞത്ത് എത്തിയത്. ലോകത്തെ രണ്ടാമത്തെ വലിയ ഷിപ്പിങ് കമ്പനിയായ മേസ്ക്കിന്റെ ഉടമസ്ഥതയിലുള്ള ‘സാൻ ഫെർണാണ്ടോ’ മദർഷിപ്പാണ് തുറമുഖത്തെത്തിയത്. രാജ്യത്തെ ഏറ്റവും ആഴമേറിയ ട്രാൻസ്ഷിപ്മെന്റ് (ചരക്കുമാറ്റം) തുറമുഖം സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിലേക്കു വഴി തുറക്കുമെന്നാണ് പ്രതീക്ഷ. 2000 കണ്ടെയ്നറുകൾ വിഴിഞ്ഞത്തിറക്കി കപ്പൽ ഇന്നു തുറമുഖം വിടും. നാളെത്തന്നെ ഫീഡർ കപ്പലുകൾ എത്തുന്നതോടെ ട്രാൻസ്ഷിപ്മെന്റിനും തുടക്കമാകും. കേരളത്തിന്റെ വികസനപ്രതീക്ഷയായി തുറമുഖത്ത് 3 മാസത്തോളം നീളുന്ന ട്രയൽ റണ്ണിൽ തുടർച്ചയായി മദർഷിപ്പുകൾ എത്തും. കമ്മിഷൻ ചെയ്യുന്നത് ഒക്ടോബറിലാണെങ്കിലും ആദ്യ കണ്ടെയ്നർ ഷിപ്പിന്റെ വരവോടെ വരുമാനം ലഭിച്ചു തുടങ്ങും. ആദ്യ ചരക്കുകപ്പൽ ക്രെയിനുകളുമായി എത്തിയത് കഴിഞ്ഞ ഒക്ടോബറിലാണ്. വാണിജ്യ പ്രവർത്തനത്തിന്റെ ഭാഗമായി ആദ്യ കണ്ടെയ്നർ കപ്പലെത്തിയത് ഇന്നലെയാണ്. നിലവിൽ കൊളംബോ തുറമുഖം കൈകാര്യം ചെയ്യുന്ന ആകെ ചരക്കിൽ ഏതാണ്ട് 60% ഇന്ത്യയിലേക്കുള്ളതാണ്. ഇതിന്റെ ഗണ്യമായ ഭാഗം ഇനി വിഴിഞ്ഞത്തെത്തും. ഇന്ത്യയിലേക്കുള്ള കണ്ടെയ്നറുകൾ മാത്രമല്ല, കൊളംബോയെ ഇപ്പോൾ ആശ്രയിക്കുന്ന മറ്റു രാജ്യങ്ങളിലേക്കുള്ള കണ്ടെയ്നറുകളും മാറ്റിക്കയറ്റുന്ന ഹബ്ബായി വിഴിഞ്ഞം മാറുന്നതോടെ രാജ്യാന്തരതലത്തിൽ കേരളത്തിന്റെ വാണിജ്യപ്രസക്തി ഉയരും.

