പത്തനംതിട്ട: ആറന്മുള എംഎൽഎയായിരിക്കെ വീണാ ജോർജ് ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ചെലവഴിച്ചില്ലെന്ന നിലവിലെ എംഎൽഎ അബിൻ വർക്കിയുടെ ആരോപണത്തിന് മറുപടിയുമായി വീണാ ജോർജ്. ആറന്മുള നിയോജക മണ്ഡലത്തിൽ പൂർത്തീകരിച്ച പദ്ധതികളുടെ അടക്കം വിവരങ്ങൾ പങ്കുവെച്ചാണ് വീണാ ജോർജ് രംഗത്തെത്തിയത്. ആറന്മുളയുടെ എംഎൽഎ ആയിരിക്കെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച പ്രൊജക്ടുകളുടെ ചിത്രങ്ങൾ സഹിതമാണ് വീണാ ജോർജ് ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

കോഴഞ്ചേരി പുതിയപാലത്തിലെ സ്ഥാപിക്കുന്ന പദ്ധതി ഉൾപ്പെടെ അബിൻ വർക്കി റദ്ദ് ചെയ്തുവെന്നും വീണാ ജോർജ് പറയുന്നു. തെറ്റായ വിവരാവകാശ രേഖ നൽകിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയർത്തുകയാണ്. വീണാ ജോർജ് എംഎൽഎ ഫണ്ട് വിനിയോഗിച്ചില്ലെന്നായിരുന്നു അബിൻ വർക്കിയുടെ പ്രസ്താവന.
വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
എം.എൽ.ഇ. ആസ്തിവികസന ഫണ്ടിൽ നിന്ന് ആറന്മുള നിയോജക മണ്ഡലത്തിൽ 2022-23 മുതലുള്ളവയിൽ പൂർത്തീകരിച്ചതും നിർമ്മാണത്തിലുള്ളതുമായ ചില പ്രവൃത്തികളുടെ ചിത്രങ്ങളും ടെൻഡർ ചെയ്ത ചില പ്രവൃത്തികളുടെ ഔദ്യോഗിക രേഖകളുടെ കോപ്പികളും ചേർക്കട്ടെ. (എല്ലാ ചിത്രങ്ങളും ചേർക്കുന്നില്ല)
. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് ആഡിറ്റോറിയം
. വള്ളംകുളം യു പി സ്കൂൾ
. കോഴഞ്ചേരി മാരാമൺ കൺവെൻഷൻ നഗറിലേക്കുള്ള റോഡും സൗന്ദര്യവത്കരണവും
മൂലൂർ റോഡ്
കോയിപ്രം പഞ്ചായത്തിലെ താഴുമ്പാൽ പടി – പാലംമ്പറമ്പിൽ പടി – പൂവത്തൂർ ജംഗ്ഷൻ – മാവേലി വടക്കേതിൽ ലിങ്ക് റോഡ്
ആനപ്പാറ സ്കൂൾ
കുമ്പഴ കോന്നി – വെട്ടൂർ റോഡ്
. ഉളനാട് – പോസ്റ്റ് ഓഫീസ് പടി – പാണിൽ റോഡ്
ഹൈമാസ്റ്റ് ലൈറ്റ്
. ഇലന്തൂർ – ഇടപ്പരിയാരം – മുക്കോട് റോഡ്

നിർമ്മാണം നടക്കുന്ന ചില പ്രൊജെക്ടുകളോട് അനുബന്ധിച്ച് എം.എൽ.എ. ഫണ്ട് അനുവദിച്ചിരുന്നു. ഓട്ടിസം സെന്ററും ഇതിൽ ഉൾപ്പെടുന്നു. ഉദാ. കോഴഞ്ചേരി പുതിയ പാലത്തിലെ ആർച്ച് ലൈറ്റുകൾ (2024-25). പത്തനംതിട്ട സ്റ്റേഡിയത്തിലെ വിഐപി പവലിയൻ ( 2023-24). പാലത്തിന്റെ നിർമ്മാണവും സ്റ്റേഡിയത്തിന്റെ പ്രധാന നിർമ്മാണവും കഴിഞ്ഞയുടൻ വീണ്ടും ധനവകുപ്പിന്റെ പ്രത്യേക അനുമതി തേടി അത് ലഭ്യമാകുമായും ചെയ്തു.ഈ നിർമ്മാണങ്ങൾ പൂർത്തീകരിച്ചതിന് ശേഷം മാത്രമേ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിക്കപ്പെട്ട നിർമ്മാണം സാധ്യമാകുകയുണ്ടായിരുന്നുള്ളൂ.
കൂടാതെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അനുവദിച്ച കാഷ്വാലിറ്റി ക്രിറ്റിക്കൽ കെയർ ബ്ലോക്ക് കൂടുതൽ നിലകൾ പണിയണം എന്നുള്ളതിനാൽ ഉപകരണങ്ങൾ എംഎൽഎ ഫണ്ടിൽ നിന്നും അനുവദിക്കാം എന്ന് ഉറപ്പ് നൽകി. ഇതിൽ എംആർഐയും ഉൾപ്പെടും. അങ്ങനെയാണ് അണ്ടർഗ്രൗണ്ടിൽ കാർ പാർക്കിംഗും ബഹുനിലയും സാധ്യമായത്. നിർമ്മാണം പൂർത്തീകരിക്കാൻ താമസം നേരിട്ടതിനാൽ വകുപ്പ് കൂടുതൽ ഫണ്ട് അനുവദിക്കാമെന്ന് തീരുമാനിക്കുകയും എംഎൽഎ ഫണ്ട് ശേഷിക്കുന്ന മറ്റു പ്രോജക്ടുകൾക്ക് അനുവദിക്കുകയും ചെയ്തു.
എന്നാൽ രാത്രിയിൽ ഇപ്പോൾ നടക്കാൻ പോലും കഴിയാത്തത്ര ഇരുട്ടുള്ള കോഴഞ്ചേരി പാലത്തിലെ ധനവകുപ്പ് പ്രത്യേക അനുമതി നൽകിയ ലൈറ്റുകൾ ഉൾപ്പെടെയുള്ള പ്രോജക്ടുകളും മറ്റുള്ളവയും അബിൻ വർക്കി എംഎൽഎ റദ്ദാക്കാൻ നിർദ്ദേശം നൽകി. സാധാരണ മുൻ എംഎൽഎ നൽകിയ വർക്കുകൾ പിന്നീട് വന്നവർ റദ്ദാക്കുകയില്ല. ഒരു രൂപ പോലും ചെലവഴിച്ചില്ല എന്ന് എംഎൽഎക്ക് വിവരാവകാശ രേഖ നൽകിയവർക്കെതിരെ നടപടി സ്വീകരിക്കണം. പ്രത്യേക അനുമതി ഉൾപ്പെടെ നേടിയെടുത്ത പ്രോജക്ടുകൾ നിർമ്മിച്ച് പൂർത്തീകരിക്കുകയും വേണം.


