തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ സതീശൻ നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട പ്രസംഗം നിയമവാഴ്ചയോടുള്ള പരസ്യമായ വെല്ലുവിളിയാണെന്ന് പിണറായി ആരോപിച്ചു. സ്വന്തം അണികളെ പ്രകോപിപ്പിച്ച് പ്രതിപക്ഷത്തെ ആക്രമിക്കാനുള്ള കലാപാഹ്വാനമാണ് പ്രസംഗമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.

‘പകരം ചോദിക്കും’, ‘എണ്ണിയെണ്ണി ചോദിക്കും’ തുടങ്ങിയ പ്രയോഗങ്ങൾ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രിക്ക് ചേർന്നതല്ലെന്ന് പിണറായി പറഞ്ഞു. രാഗദ്വേഷങ്ങൾ കൂടാതെ പ്രവർത്തിക്കേണ്ട ഭരണഘടനാപരമായ ഉത്തരവാദിത്തത്തിന്റെ ലംഘനമാണിതെന്നും അദ്ദേഹം ആരോപിച്ചു.

പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടാണെന്ന തരത്തിലുള്ള പ്രസ്താവനകൾ അന്വേഷണങ്ങളുടെ നിഷ്പക്ഷതയെ സംശയനിഴലിലാക്കുമെന്നും പിണറായി വിമർശിച്ചു. ഇത്തരം പരാമർശങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്കുമേലുള്ള രാഷ്ട്രീയ സമ്മർദമാണെന്നും അദ്ദേഹം പറഞ്ഞു.

അണികളെ പ്രകോപിപ്പിക്കുന്ന പ്രസംഗങ്ങൾ സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ഇടയാക്കുമെന്നും ഇതിന്റെ ഭാഗമായി ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കായിരിക്കുമെന്നും പിണറായി കുറിച്ചു. കണ്ണൂരിൽ സതീശന്റെ പ്രസംഗം കേൾക്കാൻ രണ്ട് മന്ത്രിമാരും ഉണ്ടായിരുന്നുവെന്നതും വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *