തിരുവനന്തപുരം: ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് ( എല്‍പിഎസ്ടി ) റാങ്ക് ഹോള്‍ഡേഴ്‌സ് സമരവുമായി ബന്ധപ്പെട്ട് നിയമസഭയിലെ മുഖ്യമന്ത്രിയുടെ വാദം തള്ളി സമരസമിതി സെക്രട്ടറി എസ് വളര്‍മതി. മുഖ്യമന്ത്രി നിയമസഭയില്‍ കള്ളം പറയുകയാണ്. എട്ടുതവണ വിദ്യാഭ്യാസമന്ത്രി കണ്ടിട്ടുണ്ടെന്ന് പറയുന്നു. ആരെയാണ് മന്ത്രി കണ്ടത്?. നടപടി എടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവ് പുറത്തുവിടണമെന്നും വളര്‍മതി ആവശ്യപ്പെട്ടു.

പ്രതിപക്ഷത്തിരുന്നപ്പോള്‍ അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറയ്ക്കണമെന്ന് പറഞ്ഞ ആളുകളാണ്, ഇപ്പോള്‍ അനുപാതം പെട്ടെന്ന് എങ്ങനെ കുറയ്ക്കുമെന്ന് ചോദിക്കുന്നത്. അനുപാതം കുറച്ചില്ലെങ്കില്‍ ലിസ്റ്റില്‍ നിന്ന് ഇനി ഒരാള്‍ക്ക് പോലും നിയമനം ലഭിക്കില്ല. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ നിരാഹാരം തുടരുമെന്നും വളര്‍മതി പറഞ്ഞു. സമരക്കാരുടെ അഞ്ചില്‍ നാല് ആവശ്യവും അംഗീകരിച്ചെന്ന് ഇന്നലെ നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

‘അവര്‍ പറഞ്ഞ അഞ്ചില്‍ നാല് കാര്യവും അംഗീകരിച്ചു എന്നത് വസ്തുതയാണ്. എട്ടു തവണ സമരക്കാരെ കണ്ട് വിദ്യാഭ്യാസ മന്ത്രി ചര്‍ച്ച ചെയ്തു. 5 കാര്യം ആവശ്യപ്പെട്ടു. നാലും അംഗീകരിച്ചു. അധ്യാപക-വിദ്യാര്‍ഥി അനുപാതം പെട്ടെന്ന് 1:25 ആക്കാനാകുമോ’ എന്നിങ്ങനെയാണ് മുഖ്യമന്ത്രി പറഞ്ഞത്. കഴിഞ്ഞ അഞ്ച് കൊല്ലം സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്തവരെ തിരിഞ്ഞുനോക്കാത്തവരാണ് ഇപ്പോള്‍ തല മൊട്ടയടിച്ച ഫോട്ടോയും കൊണ്ട് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വിദ്യാര്‍ഥി-അധ്യാപക അനുപാതം 1:25 ആയി കുറയ്ക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. എല്‍പിഎസ്ടി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും നിയമനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഓള്‍ കേരള എല്‍പിഎസ്ടിഎ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സമരരംഗത്താണ്. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കടുത്ത അവഗണന മാത്രമാണ് ഉണ്ടാകുന്നതെന്നാരോപിച്ച് സമര സമിതി നേതാവ് വളര്‍മതി തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. മുഖ്യമന്ത്രിയെ ഒരുപാട് തവണ കാണാന്‍ ശ്രമിച്ചുവെന്നും കാണാന്‍ സാധിച്ചില്ലെന്നും വളര്‍മതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *