കൊച്ചി: ടി. പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി. രണ്ടു പേരെ വെറുതെ വിട്ട വിചാരണ കോടതി നടപടി റദ്ദാക്കുകയും ചെയ്തു. കെ.കെ.കൃഷ്ണൻ, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ടതാണ് റദ്ദാക്കിയത്. പ്രതികളും സർക്കാരും ടി.പിയുടെ ഭാര്യ കെ.കെ. രമ എംഎൽഎയും നൽകിയ അപ്പീലുകളാണു ജസ്റ്റിസ് എ. കെ. ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.
പ്രതികളായ എം.സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ. ഷിനോജ്, കെ. സി. രാമചന്ദ്രൻ, ട്രൗസർ മനോജ്, സിപിഎം പാനൂർ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി. കെ. കുഞ്ഞനന്തൻ, വായപ്പടച്ചി റഫീഖ് എന്നീ പ്രതികൾക്കു ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ ലംബു പ്രദീപനു 3 വർഷം കഠിന തടവും വിചാരണക്കോടതി 2014ൽ ശിക്ഷ വിധിച്ചിരുന്നു. പി.കെ. കുഞ്ഞനന്തൻ ജയിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ 2020 ജൂണിൽ മരിച്ചു. 36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി. മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയച്ചിരുന്നു.
അതേസമയം സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനെ വിട്ടയച്ചത് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ടിപിയുടെ വിധവ കെ കെ രമ. ടിപിയെ വധിക്കാനുള്ള ഗൂഢാലോചനയിലെ മുഖ്യപങ്കാളികളാണ് മോഹനന് അടക്കമുള്ളവര്‍. മോഹനന്റെ അടക്കം ഗൂഢാലോചന പുറത്തു കൊണ്ടുവരുമെന്ന് കെ കെ രമ പറഞ്ഞു.
വലിയ സാമ്പത്തിക സ്വാധീനവും രാഷ്ട്രീയ സ്വാധീനവും ഒക്കെ ഈ കേസിനുണ്ടായിരുന്നു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് മെമ്പര്‍ ഭാസ്കരന് മാഷ് സ്ഥിരമായി വന്ന് കേസിന്റെ മേല്‍നോട്ടം വഹിച്ചിരുന്നു. എല്ലാ ദിവസവും കോടതിയിലുണ്ടായിരുന്നു. സിപിഎമ്മാണ് ഈ കേസ് നടത്തിയത്. കൊലയാളികള്‍ക്കുള്ള കേസു പോലും സിപിഎമ്മാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഹൈക്കോടതി വിധിയിലൂടെ കൊലപാതകത്തില്‍ സിപിഎമ്മിന്റെ പങ്ക് കൂടുതല്‍ വെളിപ്പെട്ടുവെന്ന് രമ പ്രതികരിച്ചു. കേസില്‍ രണ്ടു പ്രതികളെ കൂടി ശിക്ഷിക്കാന്‍ തീരുമാനിച്ചത് ആശ്വാസകരമാണ്. നല്ല വിധിയാണിത്. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട സിപിഎം നേതാക്കളാണ് വെറുതെ വിട്ടത് റദ്ദാക്കിയ രണ്ടു പ്രതികള്‍.
‘ഇതുപോലൊരു കൊല ഇനിയുണ്ടാകരുത്’
ഇനി ഇതുപോലൊരു കൊല കേരളത്തില്‍ നടക്കരുത്. അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ മനുഷ്യനെ വെട്ടിക്കൊല്ലുന്നത് അവസാനിക്കണം. അതിനു കൂടിയുള്ള താക്കീതാണ് കോടതി വിധി. ഇങ്ങനെ നീതി നടപ്പാക്കപ്പെടണം നമ്മുടെ നാട്ടില്‍. കോടതി അതു കണ്ടു എന്നതില്‍ വളരെ സന്തോഷവും ആദരവുമുണ്ട്. ഈ കേസില്‍ ഞങ്ങളൊടൊപ്പം ഉണ്ടായിരുന്ന എല്ലാവരോടും നന്ദി പറയുന്നുവെന്നും കെകെ രമ പറഞ്ഞു.