തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തൻ്റെ ചിത്രം ഉപയോഗിക്കരുതെന്ന് രാഷ്ട്രീയ പാർട്ടികൾക്ക് മുന്നറിയിപ്പുമായി നടൻ ടൊവിനോ തോമസ്. താൻ കേരള തെരെഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ്പ് (SVEEP) അംബാസഡർ ആണെന്നും തൻ്റെ ചിത്രം ഉപയോഗിച്ചു തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് നിയമവിരുദ്ധമാണെന്നും താരം അറിയിച്ചു. എല്ലാ ലോക്സഭാ സ്ഥാനാർഥികൾക്കും ആശംസകൾ നേരുന്നുവെന്നും ടൊവിനോ തോമസ് പറഞ്ഞു.

“എല്ലാ ലോക്സഭാ സ്ഥാനാർഥികൾക്കും എന്റെ ആശംസകൾ. ഞാൻ കേരള തെരെഞ്ഞെടുപ്പ് കമ്മീഷന്റെ SVEEP (Systematic Voters Education and Electoral Participation ) അംബാസഡർ ആയതിനാൽ എന്റെ ഫോട്ടോയോ എന്നോടൊപ്പം ഉള്ള ഫോട്ടോയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. ആരെങ്കിലും അത് ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല. ഏവർക്കും നിഷ്പക്ഷവും നീതിയുക്തവും ആയ ഒരു തെരഞ്ഞെടുപ്പ് ആശംസിക്കുന്നു”.

നേരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽ കുമാർ ടൊവിനോയ്ക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സിനിമാ ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട ശേഷമായിരുന്നു സുനിൽ കുമാറിന്‍റെ കുറിപ്പ്. ഇരുവരും തമ്മിലുള്ള സൌഹൃദം വിശദീകരിച്ചായിരുന്നു കുറിപ്പ്. വിജയാശംസകൾ നേർന്നാണ് ടൊവിനോ യാത്രയാക്കിയതെന്നും പ്രിയ സുഹൃത്തിന്‍റെ സ്നേഹത്തിന് നന്ദിയെന്നും സുനിൽ കുമാർ കുറിച്ചിരുന്നു. എന്നാൽ ഇപ്പോള്‍ ഈ കുറിപ്പ് ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണ്. പിന്നാലെയാണ് ടൊവിനോയുടെ വിശദീകരണം.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *