തൃശൂർ: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂന്നരവയസുകാരന് തെരുവുനായുടെ ആക്രമണത്തിൽ പരിക്ക്. പാവറട്ടി പഞ്ചായത്തിലെ പെരിങ്ങാട് അയ്യപ്പൻകാവ് ക്ഷേത്രത്തിനു സമീപത്തെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാരാണ് കുട്ടിയെ നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചത്.
ഏറെ നാളായി പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. മനുഷ്യ ജീവനും വളർത്തുമൃഗങ്ങൾക്കും ഭീഷണിയായി നിരവധി നായ്ക്കൾ ആണ് ഈ പരിസരത്ത് അലഞ്ഞു നടക്കുന്നത്.അടിയന്തരമായി അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.