“എന്നാലും സാർ അന്നെന്നെ ക്ലാസ്സിൽ നിന്ന് ഇറക്കി വിട്ടില്ലേ?”- വർഷങ്ങൾക്ക് മുമ്പ് നടന്നതാണ്. എങ്കിലും പ്രിയപ്പെട്ട ‘റോണി സാറി’നെ വീണ്ടും കണ്ടപ്പോൾ വൈക്കം എം.എൽ.എ കെ. ബിനിമോന് പരിഭവം മാറുന്നില്ല. “അതുകൊണ്ടെന്താ താൻ നന്നായില്ലെടോ” എന്ന് സാറിൻറെ കമന്റ്. ഇതെല്ലാം കേട്ട് പഴയ കലാലയ ജീവിതം ഓർത്തെടുത്ത് ചിരിച്ച് തൊട്ടരികിൽ പാലക്കാട് എം.എൽ.എ രമേശ് പിഷാരടിയും. കേരള നിയമസഭയിലെ ‘മാഷും കുട്ട്യോളും’ ഒത്തുചേർന്നപ്പോഴായിരുന്നു ഈ ഓർമ പുതുക്കൽ. കാഞ്ഞിരപ്പള്ളി എം.എൽ.എ റോണി കെ. ബേബി ആണ് മാഷ്. രമേശ് പിഷാരടിയും ബിനിമോനും പഴയ പിള്ളേരുമായി.

റോണി അദ്ധ്യാപകനായി ആദ്യം ജോലി ചെയ്ത തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിലെ ബി.എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായിരുന്നു രമേശ് പിഷാരടി. പിന്നീട് നിയമനം ലഭിച്ച വൈക്കം കൊതവറ സെന്റ് സേവ്യേഴ്സ് കോളേജിലായിരുന്നു ബിനി മോനെ പഠിപ്പിച്ചത്. അദ്ധ്യാപന ജീവിത കാലഘട്ടത്തിലെ തൻ്റെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർത്ഥികളോടൊപ്പം ഒരേ പ്രസ്ഥാനത്തിന്റെ ഭാഗമായി സാമാജികരായി കേരള നിയമസഭയിലെത്താൻ കഴിഞ്ഞതിന്റെ സന്തോഷം എഫ്.ബി പോസ്റ്റിലൂടെയാണ് റോണി കെ. ബേബി പങ്കുവെച്ചത്.

അദ്ധ്യാപകനായി ആദ്യം ജോലി ചെയ്ത തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിലെ ബി.എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായിരുന്ന രമേഷ് പിഷാരടി അന്നേ കലയുടെ ലോകത്തായിരുന്നെന്നു റോണി ഓർത്തെടുക്കുന്നു. പിഷാരടിയെ ക്ലാസിൽ കാണുന്നത് അപൂർവ്വമായിരുന്നു. എങ്കിലും ക്ലാസിലിരിക്കുമ്പോൾ രാഷ്ട്രതന്ത്രശാസ്ത്ര വിഷയത്തിൽ അദ്ദേഹം പുലർത്തിയ ശ്രദ്ധയും പുതിയ കാര്യങ്ങൾ അറിയാനുള്ള ആഗ്രഹവും എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. കലാകാരന്റെ ഉള്ളിലെ രാഷ്ട്രീയ ബോധത്തെ അന്നുതന്നെ ഞാൻ തിരിച്ചറിഞ്ഞിരുന്നു. ഗുരുവിന്റെ രാഷ്ട്രീയ വഴിയെ അതേ പ്രസ്ഥാനത്തിൻ്റെ ഭാഗമായി പ്രിയപ്പെട്ട ശിഷ്യനും നിയമസഭയിൽ എത്തുമ്പോൾ അഭിമാനം, സന്തോഷം”- റോണി പറയുന്നു.

ഡി.ബി കോളേജിലെ താൽക്കാലിക ജോലിക്കു ശേഷം റാണിക്ക് നിയമനം ലഭിച്ചത് വൈക്കം കൊതവറ സെന്റ് സേവ്യേഴ്സ് കോളേജിലായിരുന്നു. അവിടെ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വിദ്യാർത്ഥിയായിരുന്നു ബി.എ ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റിലുണ്ടായിരുന്ന കെ. ബിനിമോൻ. ഇക്കണോമിക്സ് വിഷയത്തിന്റെ സബ്സിഡിയറിയായിരുന്നു റോണി പഠിപ്പിച്ച പൊളിറ്റിക്കൽ സയൻസ്. കോളേജിലെ കെ.എസ്.യു നേതാവായിരുന്ന ബിനിമോൻ മികച്ച സംഘാടകനും തികഞ്ഞ പോരാളിയുമായിരുന്നെന്ന് റോണി പറയുന്നു.

“എതിർപക്ഷത്തിന്റെ കോട്ടയിൽ നിന്നും യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി ബിനിമോൻ ജയിച്ചത് ഇന്നും ഓർക്കുന്നുണ്ട്. അതേ അത്ഭുത വിജയം ഇത്തവണയും ബിനിമോൻ ആവർത്തിച്ചിരിക്കുകയാണ്. അന്നൊരിക്കൽ കെ.എസ്.യു സമരകാലത്ത് സമരം നയിച്ച് ക്ലാസിൽ എത്തിയപ്പോൾ ക്ലാസിൽ നിന്നും ഇറക്കിവിട്ടതിന്റെ പേരിൽ ഇന്നും ബിനിമോൻ എന്നോട് പരിഭവം പറയാറുണ്ട്’ – റോണി പറയുന്നു.


