കാഞ്ഞിരപ്പള്ളി: ജനറൽ ആശുപത്രി റോഡിന്റെ സ്ഥിതി കണ്ടാൽ ആരും തലയിൽ കൈവെച്ചുപോകും. പ്രവേശനകവാടം മുതൽ ആരംഭിക്കുന്ന കുണ്ടും കുഴിയും അവസാനിക്കുന്നത് അത്യാഹിത വിഭാഗത്തിന്റെ മുൻപിലാണ്.

ടാറിങ് പൂർണമായും തകർന്ന ഈ റോഡിന്റെ ഇന്റർലോക്ക് പാകിയ ഏതാനം മീറ്ററുകൾ മാത്രമാണ് തകരാതെ കിടക്കുന്നത്. ബാക്കി ഭൂരിഭാഗവും കുഴികളായി. മണ്ഡലകാലമെത്തിയതോടെ ഒട്ടേറെ അപകടങ്ങൾ നിത്യേന ഉണ്ടാകുന്നുണ്ട്. എന്നാൽ, ആശുപത്രി വളപ്പിൽ പ്രവേശിച്ചാൽ ആംബുലൻസിനുപോലും വേഗം കുറയ്ക്കേണ്ട സ്ഥിതിയാണ്.

ദേശീയപാതയിൽനിന്ന് ആശുപത്രി റോഡിലേക്ക് പ്രവേശിക്കുന്നയിടം പൂർണ്ണമായും തകർന്നുകിടക്കുകയാണ്. ഇടവേളകളില്ലാതെ വാഹനങ്ങളോടുന്ന ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങൾ ആശുപത്രി റോഡിലേക്ക് പ്രവേശിക്കുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. അത്യാഹിത വിഭാഗത്തിലേക്ക് വരുന്ന ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾ ഈ റോഡിലെത്തുമ്പോൾ റോഡ് തകർന്നുകിടക്കുന്നതിനാൽ വേഗംകുറച്ചുവേണം പോകാൻ.

