ചാലക്കുടി: കൊരട്ടിയിൽനിന്ന് കാണാതായ ദമ്പതികളെ വേളാങ്കണ്ണി പള്ളിക്കു സമീപമുള്ള ലോഡ്ജിൽ വിഷം കുത്തിവച്ച് മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ ആഘാതത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. പത്തു ദിവസം മുൻപാണ് ആന്റോ (34), ഭാര്യ ജിസു (29) എന്നിവരെ തിരുമുടിക്കുന്നിലെ വീട്ടിൽ നിന്നു കാണാതായത്.

ആന്റോയാണ് ഇന്നലെ ആദ്യം വിഷം കുത്തിവച്ചത്. ഗുരുതരാവസ്ഥയിൽ ആന്റോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് നാട്ടിൽനിന്ന് ബന്ധുക്കളുമെത്തി.ആന്റോ രാത്രി മരിച്ചതോടെ വലിയ നടുക്കത്തിലായിരുന്നു ജിസു. നാഗപട്ടണം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തുനിന്ന് ജിസുവിനെ കാണാതായതോടെ പൊലീസും ബന്ധുക്കളും ആശുപത്രി പരിസരത്ത് തിരച്ചിൽ നടത്തി. പിന്നീട് താമസിക്കുന്ന ലോഡ്ജിലെത്തിയപ്പോൾ മുറി അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പൊലീസ് വാതിൽ ചവിട്ടിത്തുറന്നപ്പോൾ വിഷം കുത്തിവച്ച് അബോധാവസ്ഥയിലായിരുന്നു ജിസു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇക്കഴിഞ്ഞ 22–ാം തീയതി ശനിയാഴ്‌ച വൈകുന്നേരം മുതലാണ് ഇവരെ തിരുമുടിക്കുന്നിലെ വീട്ടിൽനിന്ന് കാണാതായത്. വേളാങ്കണ്ണിയിൽ എത്തിയ ശേഷം ആന്റോ അവിടെ ജോലിയിൽ പ്രവേശിച്ചതായി സൂചനയുണ്ട്. ദമ്പതികൾക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് വിവരം. ലൈഫ് പദ്ധതിയിൽ ലഭിച്ച വീട്ടിലായിരുന്നു ഇവരുടെ താമസം. വീടു വിറ്റ് തന്റെ കടങ്ങൾ വീട്ടണമെന്ന് ചൊവ്വാഴ്‌ച സഹോദരിക്ക് ആന്റോ ശബ്ദ സന്ദേശം അയച്ചിരുന്നു.

മൂന്നു വർഷമായി ഇവർ മുടപ്പുഴയിൽ താമസമാക്കിയിട്ട്. കുറച്ചു മാസങ്ങളായി ആന്റോയും ജിസുവും അടുത്തുള്ള വീട്ടുകാരുമായി അധികം സംസാരിക്കാറില്ലെന്നു നാട്ടുകാർ പറയുന്നു. ജാതിക്ക കച്ചവടക്കാരനായിരുന്നു ആന്റോ. നിരവധി ഫിനാൻസ് കമ്പനികളിൽ നിന്നും പഴ്സ‌നൽ ലോണെടുത്തിരുന്നു. ലോണെടുത്ത് ഗൃഹോപകരണങ്ങളും മൊബൈൽ ഫോണും വാങ്ങിയിരുന്നു. അടവു മുടങ്ങിയപ്പോൾ കമ്പനി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ സമ്മർദ്ദവും ജീവിതം അവസാനിപ്പിക്കുവാൻ കാരണമായെന്നാണ് സൂചന.

വിവാഹം കഴിഞ്ഞിട്ട് ഒൻപതു വർഷമായിട്ടും ഇവർക്ക് കുട്ടികൾ ഇല്ലായിരുന്നു. അതിലുള്ള നിരാശയും സാമ്പത്തിക ബാധ്യതയുമാണ് മരണത്തിന് കാരണമെന്നാണ് അടുത്ത ബന്ധുക്കൾ നൽകുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *