നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതികരണവുമായി പ്രതി സുഹൈൽ സജീവിൻ്റെ അമ്മയും സംരംഭകയുമായ നൂഹ സജീവ്. നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവനുകളാണെന്നും മക്കളെ നഷ്ടപ്പെടുന്നതിന്റെ വേദന ചിന്തിക്കാനാവില്ലെന്നും നൂഹ സജീവ് പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബങ്ങളെ പറ്റുന്നത്ര പിന്തുണയ്ക്കും. കേസിൽ സത്യസന്ധമായ അന്വേഷണം നടക്കട്ടെയെന്നും ഒട്ടേറെ അസത്യങ്ങൾ പ്രചരിക്കുകയാണെന്നും നൂഹ സജീവ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലാണ് നൂഹ സജീവിൻ്റെ പ്രതികരണം.

മൂന്നു കുഞ്ഞുങ്ങളുടെ വിലപ്പെട്ട ജീവനുകളാണ് നഷ്ടപ്പെട്ടത്. അതിൽ അനുശോചനം അറിയിക്കുന്നു. സ്നേഹത്തോടെ വളർത്തി വലുതാക്കിയ മക്കളെ നഷ്ടപ്പെടുന്ന വേദന ചിന്തിക്കാൻ കഴിയുന്നതിന് അപ്പുറമാണ്. കുഞ്ഞ് നഷ്ടപ്പെടുമ്പോൾ അച്ഛനമ്മമാർക്ക് ഉണ്ടാകുന്ന വേദന തനിക്ക് മനസ്സിലാകും. തൻ്റെ വാക്കുകൾ അവരുടെ ദുഖത്തിന് കുറവാവില്ലെന്ന് അറിയാമെന്ന് നൂഹ സജീവ് പറയുന്നു. അപകടവുമായി ബന്ധപ്പെട്ട് നിയമം നിയമപരമായി മുന്നോട്ടുപോകട്ടെ. എല്ലാം സത്യസന്ധമായി നടക്കണം. സത്യമായ വാർത്ത മാത്രം പുറത്തുവരട്ടെ. സോഷ്യൽ മീഡിയയിൽ ഇക്കാര്യം ഒരുപാട് ചർച്ച ചെയ്യപ്പെടുന്നുണ്ടെന്ന് അറിയാം. എല്ലാവർക്കും തങ്ങളോട് ദേഷ്യവും വിദ്വേഷവും തോന്നുമെന്ന് അറിയാം. ഇത്രയും ദുഷ്കരമായ സാഹചര്യത്തിൽ തനിക്കും തൻ്റെ കുടുംബത്തിനും കുറച്ച് സ്വകാര്യത നൽകണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് നൂഹ പറഞ്ഞു.

നാലുപേരടങ്ങുന്ന കുടുംബമാണ്. തങ്ങളും സാധാരണ മനുഷ്യരാണ്. പല കാര്യങ്ങളും ചർച്ച ചെയ്യപ്പെടുമ്പോഴും അടിസ്ഥാനരഹിതമായ വാർത്തകളും പ്രചരിക്കുകയാണ്. താനും ഒരമ്മയാണെന്ന കാര്യം പരിഗണിക്കണം. തൻ്റെ കുഞ്ഞിനെ ഓർത്തുള്ള ആശങ്ക ഒരുവശത്തുണ്ട്, അതേപോലെ മൂന്നു കുഞ്ഞുങ്ങളുടെ ജീവിതം നഷ്ടപ്പെട്ടതോർത്ത് വിഷമമുണ്ട്. താൻ രണ്ടിനുമിടയിലൂടെയാണ് കടന്നുപോകുന്നത്. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. ഇത്രയും ദിവസം എഴുന്നേറ്റ് ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നുവെന്നും അവർ പറഞ്ഞു.

അമ്മ എന്ന നിലയിലും സംരംഭക എന്ന നിലയിലും മരണപ്പെട്ടവരുടെ കുടുംബത്തിന് പിന്തുണ അറിയിക്കുകയാണ്. തങ്ങൾ ഉള്ളടത്തോളം കാലം അവർക്ക് പിന്തുണ നൽകും. ആരുടെയും വേദന കുറച്ച് കാണിക്കാനോ കൂട്ടിക്കാണിക്കാനോ അല്ല, നിസ്സഹായവസ്ഥ ആണ്. തങ്ങൾ നാലുപേർക്കും ഇനിയും ജീവിതമുണ്ട്. താനും ഒരമ്മയാണെന്നും കുടുംബമുണ്ടെന്നും തങ്ങളെക്കുറിച്ച് വാർത്തകൾ പ്രചരിപ്പിക്കുന്നവർ ഓർക്കണമെന്നും നൂഹ സജീവ് കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *