നെടുമ്പാശേരി മിനികൂപ്പർ കാർ അപകടത്തിൽ 3 പേർ മരിച്ച കേസിൽ പ്രതികൾക്ക് കോടതിയിൽ തിരിച്ചടി. അങ്കമാലി മജിസ്ട്രേറ്റ് കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചില്ല. ഇന്നലെ വാദം പൂർത്തിയായ ജാമ്യാപേക്ഷയിൽ ഇന്ന് ഉച്ചക്കാണ് കോടതി വിധി പറഞ്ഞത്. അന്വേഷണത്തിന്‍റെ നിർണായക ഘട്ടമാണെന്നടക്കം ചൂണ്ടിക്കാട്ടിയുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവിട്ടത്. ഒന്നാം പ്രതി വാഹനമോടിച്ച സുഹൈൽ സജീവ്, മുൻ സീറ്റിലിരുണ്ടായിരുന്ന നിനവ്, അമീർ ജോയൽ എന്നിവരുടെ ജാമ്യ അപേക്ഷയാണ് കോടതി തള്ളിയത്. ഒന്നാം പ്രതിക്കെതിരെ നരഹത്യ കുറ്റവും, ബാക്കി മൂന്നുപേർക്കെതിരെ പ്രേരണ കുറ്റവുമാണ് ചുമത്തിയത്.

കോടതിയിൽ വാദം നടക്കുന്നതിനിടെ മരിച്ചവരെ കുറ്റപ്പെടുത്തി തടിയൂരാനായിരുന്നു പ്രതിഭാഗം അഭിഭാഷകർ പ്രധാനമായും ശ്രമിച്ചത്. ‘മൂന്ന് പേർ ഒരു സ്‌കൂട്ടറിലും കൂട്ടുകാരൻ ഒറ്റയ്ക്കൊരു സ്ക്‌കൂട്ടറിലും വന്നതിൽ ദുരൂഹതയുണ്ട്. മൂന്നുപേർ ഒരു സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ സ്കൂട്ടറിന്റെ നിയന്ത്രണം തെറ്റാൻ സാധ്യതയുണ്ട്. അപകട സമയത്ത് വാഹനത്തിന്റെ വേഗത എത്രയായിരുന്നു എന്ന് തെളിയിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. സാക്ഷിപോലുമില്ലാത്ത കേസിൽ പെട്ടെന്നാണ് ഭാരതീയ ന്യായ സംഹിതയിലെ 105-ാം വകുപ്പ് പ്രകാരമുള്ള കുറ്റകരമായ നരഹത്യ ചുമത്തിയത്,’ എന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു.

എന്നാൽ, പ്രതിഭാഗത്തിന്റെ ഈ വാദങ്ങളെ കോടതി കർശനമായ വാക്കുകളിലൂടെയാണ് നേരിട്ടത്. ‘അതുകൊണ്ട് അവർ സഞ്ചരിച്ച വാഹനത്തിലേക്ക് ഇടിച്ചു കയറ്റാമോ? നിയമലംഘനമാണെന്ന് നിങ്ങൾ വാദിക്കുമ്പോഴും അവർ മൂന്നുപേരും മരിച്ചുപോയില്ലേ, ഇനി അവർക്കെതിരെ നടപടിയെടുക്കാൻ പറ്റില്ലല്ലോ,’ എന്ന് കോടതി ശക്തമായി ചോദിക്കുകയുണ്ടായി.

ഒന്നാം പ്രതിയായ സുഹൈൽഅമിതമായി മദ്യപിച്ചിരുന്നുവെന്ന് പ്രോസിക്യൂഷൻ ശാസ്ത്രീയ തെളിവുകൾ സഹിതം കോടതിയിൽ ബോധിപ്പിച്ചു. അനുവദനീയമായ അളവിലും 5.3 മടങ്ങ് അധികം മദ്യത്തിന്റെ അംശമാണ് സുഹൈലിന്റെ ശരീരത്തിൽ കണ്ടെത്തിയത്. ഒന്നാം പ്രതിയുടെ രക്തത്തിൽ 161 മില്ലി ഗ്രാമും മൂത്രത്തിൽ 230 മില്ലി ഗ്രാമും ആൽക്കഹോളിന്റെ അംശം പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ‘പ്രതികൾ 18 വയസ്സ് കഴിഞ്ഞവരാണ്. മദ്യപിച്ച് വാഹനമോടിച്ചാൽ മനുഷ്യജീവന് അപകടമുണ്ടാകുമെന്ന് കൃത്യമായി അറിയാവുന്നവരാണ്. പ്രതികളുടെ പ്രായം പരിഗണിക്കുന്നതുപോലെ തന്നെ പൊലിഞ്ഞുപോയ മൂന്ന് ചെറുപ്പക്കാരുടെ പ്രായവും കുടുംബങ്ങളുടെ അവസ്ഥയും കണക്കിലെടുക്കണം,’ എന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *