മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി കൽപ്പറ്റ എസ്റ്റേറ്റിൽ നിർമിക്കുന്ന പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് സമീപവാസികൾക്ക് ഭീഷണിയായതിനെ തുടർന്ന് അഞ്ച് കുടുംബങ്ങളോട് വീട് ഒഴിയാൻ റവന്യൂ വകുപ്പ് നിർദേശിച്ചു. അപകടസാധ്യത വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുൽപ്പാറയിലെ കുടുംബങ്ങൾക്ക് വില്ലേജ് ഓഫീസർ നോട്ടീസ് നൽകിയത്.
വർഷങ്ങളായി ഇവിടെ താമസിക്കുന്ന കുടുംബങ്ങളുടെ വീടുകൾക്ക് തൊട്ടുമുകളിലായാണ് വൻതോതിൽ മണ്ണ് നിക്ഷേപിച്ചിരിക്കുന്നത്. വീടുകളിലേക്കുള്ള റോഡിന്റെ ഭാഗങ്ങൾ ഇതിനകം ഇടിഞ്ഞുതാഴ്ന്നിട്ടുണ്ട്. ടൗൺഷിപ്പിൽ നിർമാണം പൂർത്തിയായെങ്കിലും ഇതുവരെ ഗുണഭോക്താക്കൾക്ക് കൈമാറാത്ത ചില വീടുകൾക്കും അപകടസാധ്യതയുണ്ടെന്ന ആശങ്കയും പ്രദേശവാസികൾ ഉയർത്തുന്നു.
ഇവിടെ ഉരുൾപൊട്ടൽ ഭീഷണിയുണ്ടെന്ന് കാണിച്ച് വില്ലേജ് ഓഫീസിൽ നിന്ന് നോട്ടീസ് ലഭിച്ചു. ജനിച്ചുവളർന്ന വീടും നാടും വിട്ട് പെട്ടെന്ന് പോകാൻ പറയുന്നത് പ്രായോഗികമല്ല. ടൗൺഷിപ്പ് പ്രഖ്യാപിച്ചപ്പോൾ ഞങ്ങളും സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഒരാഴ്ചയായി നോട്ടീസ് ലഭിച്ചിട്ടും ഇതുവരെ ആരും ഞങ്ങളുടെ പ്രശ്നങ്ങൾ അന്വേഷിക്കാൻ എത്തിയിട്ടില്ല. ഭാവിയിൽ എന്തെങ്കിലും സംഭവിച്ചാൽ നേരത്തേ ഒഴിഞ്ഞുപോകാൻ പറഞ്ഞിരുന്നുവെന്ന് പറയാൻ വേണ്ടിയുള്ള നടപടിയായാണ് ഇത് തോന്നുന്നത്,” പ്രദേശവാസിയായ ജാബിർ പറഞ്ഞു.

