സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയ്‌ക്കെതിരെ അന്വേഷണം കടുപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിദേശത്ത് പണം അയച്ചതില്‍ ഫെമ ചട്ടലംഘനം ഉണ്ടായിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. വീണയുടെ ഡയറിയില്‍ 85 ലക്ഷം ദുബൈയിലേക്ക് അയച്ചു എന്ന് കുറിച്ചിരുന്നു. പണം എങ്ങനെ, ആര്‍ക്ക് അയച്ചു എന്നാണ് അന്വേഷിക്കുന്നത്. ഹവാല ഇടപാടുകള്‍ക്ക് വേണ്ടിയാണോ വ്യാജ സിം ഉപയോഗിച്ചതെന്നും ഇഡി സംശയിക്കുന്നുണ്ട്.

വീണയില്‍ നിന്നും പിടിച്ചെടുത്ത കയ്യെഴുത്ത് കണക്കിലാണ് വിദേശ ഇടപാടുകള്‍ സൂചിപ്പിച്ചിട്ടുള്ളത്. ഇത് വിദേശനാണ്യ വിനമയ ചട്ടത്തിന്റെ ലംഘനമാണോയെന്നാണ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി ഇഡിയുടെ അന്വേഷണം ദുബൈയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. വരുമാനത്തില്‍ കവിഞ്ഞ പണം കൈകാര്യം ചെയ്തതില്‍ വീണ ഇഡിക്ക് മറുപടി നല്‍കേണ്ടി വരും. ഹവാല ഇടപാട് സംശയത്തിന്റെ സാഹചര്യത്തില്‍ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കി. പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ വീണയെ അടുത്തയാഴ്ച ഇഡി വീണ്ടും ചോദ്യം ചെയ്‌തേക്കും.

വീണ ഉപയോഗിച്ച വ്യാജ സിം കാര്‍ഡിന്റെ ഉടമയെ ഇഡി കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട്ടെ ഡിവൈഎഫ്‌ഐ നേതാവ് നന്ദുലാലിന്റെ പേരിലാണ് വ്യാജ സിം എടുത്തത്. മുഹമ്മദ് റിയാസും വീണയും ആവശ്യപ്പെട്ടത് അനുസരിച്ചാണ് സിം എടുത്തു നല്‍കിയതെന്ന് നന്ദുലാല്‍ പറഞ്ഞു. മുഹമ്മദ് റിയാസ് അടുത്ത സുഹൃത്താണ്. വീണയേയും പരിചയമുണ്ട്. അവര്‍ എന്ത് ആവശ്യത്തിനാണ് ഉപയോഗിച്ചതെന്ന് അറിയില്ലെന്നും നന്ദുലാല്‍ ഇഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്. 2024 മുതല്‍ നന്ദുലാലിന്റെ പേരിലുള്ള സിം വീണ ഉപയോഗിച്ചുവെന്ന് ഇഡി കണ്ടെത്തി. ഇത് ഹവാല ഇടപാടിനുള്ള ആശയവിനിമയത്തിന് ഉപയോഗിച്ചു എന്നാണ് ഇഡി സംശയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You missed