കൽപറ്റ :പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ മരിച്ച നിലയിൽ കണ്ടെത്തിയ 2-ാം വർഷ ബിവിഎസ്സി വിദ്യാർഥി തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജെ.എസ്. സിദ്ധാർഥൻ (20) നേരിട്ടത് ആൾക്കൂട്ട വിചാരണയും ക്രൂരമർദനവും മാനസിക പീഡനങ്ങളും. ഈമാസം 14 മുതൽ 18ന് ഉച്ച വരെ സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായെന്നു ദൃക്സാക്ഷിയായ വിദ്യാർഥി പറയുന്നു.
ഹോസ്റ്റലിലെ 130 വിദ്യാർഥികളുടെ മുന്നിൽ നഗ്നനാക്കിയായിരുന്നു മർദനം. 2 ബെൽറ്റുകൾ മുറിയുന്നതു വരെ മർദിച്ചു. തുടർന്ന് ഇരുമ്പുകമ്പിയും വയറുകളും പ്രയോഗിച്ചു. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നു ഭീഷണി നേരിട്ടതായി ഇൗ വിദ്യാർഥി പറയുന്നു. കാര്യങ്ങളെല്ലാം കോളജ് ഡീനിനും ഹോസ്റ്റൽ വാർഡനും അറിയാമായിരുന്നു.
വീട്ടില്‍ പോയ സിദ്ധാര്‍ത്ഥനെ എസ്എഫ്ഐ നേതാക്കള്‍ അടക്കമുള്ള പ്രതികള്‍ വിളിച്ചു വരുത്തുകയായിരുന്നു. സഹപാഠിയെക്കൊണ്ടാണ് സിദ്ധാര്‍ത്ഥനെ വിളിച്ചു വരുത്തിയത്. ഫെബ്രുവരി 16 ന് മൂന്നു മണിക്കൂറോളവും 18 ന് ഉച്ചയ്ക്കും സിദ്ധാര്‍ത്ഥനെ തല്ലിച്ചതച്ചു. ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ അടക്കം നോക്കിനിന്നു. അടുത്ത സഹപാഠികള്‍ അടക്കം ആരും എതിര്‍ത്തില്ല.
മര്‍ദ്ദനത്തിന് ശേഷം സിദ്ധാര്‍ത്ഥന്റെ ആരോഗ്യനിലയും സംഘം നിരീക്ഷിച്ചു. ഹോസ്റ്റല്‍ റൂമില്‍ അടച്ചിട്ടാണ് സംഘം നിരീക്ഷിച്ചിരുന്നത്. ക്രൂരമര്‍ദ്ദനത്തിന് ശേഷം സിദ്ധാര്ത്ഥന് കടുത്ത മനോവിഷമത്തിലായിരുന്നു എന്നും പൊലീസ് പറയുന്നു. കേസില്‍ ഇതുവരെ ആറു പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഉള്‍പ്പെടെ 12 മുഖ്യപ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.
