കൊല്ലം: കൊല്ലം കുളത്തൂപ്പുഴയിൽ എൽ പി സ്കൂൾ വിദ്യാർത്ഥിനികളെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ അറബി അധ്യാപകൻ അറസ്റ്റിൽ. കാട്ടാക്കട പൂവച്ചൽ സ്വദേശിയും ഭിന്നശേഷിക്കാരനുമായ ബാത്തിഷായാണ് പിടിയിലായത്. മൂന്നിലും നാലിലും പഠിക്കുന്ന പെൺകുട്ടികളെ ക്ലാസിൽ വച്ച് മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ച് ലൈഗികാതിക്രമം നടത്തിയെന്ന കേസിലാണ് അറസ്റ്റ്.
ട്രൈബൽ എൽപി സ്കൂൾ അധ്യാപകനും പൂവച്ചൽ കുഴിയംകോണം സ്വദേശി ബാത്തിഷായെ പിടികൂടിയത് മടത്തറയിൽ നിന്നാണ്. പോക്സോ, പട്ടികജാതി പീഡന നിരോധന നിയമം ഉൾപ്പടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. സ്കൂളിൽ ബാത്തിഷാ ജോലിയ്ക്ക് കയറിയ മൂന്നു മാസം മുൻപ് മുതൽ തുടങ്ങിയതാണ് ലൈംഗികാതിക്രമം. രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത കുളത്തുപ്പുഴ പൊലീസ് രണ്ടു കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പഠിപ്പിക്കുന്നതിനിടയിലും ഇടവേള സമയങ്ങളിലും മൊബൈൽ ഫോണിൽ കുട്ടികളെ അശ്ലീല വീഡിയോ കാണിക്കുകയാണ് പ്രതി ചെയ്തിരുന്നത്. മറ്റ് കുട്ടികളിൽ നിന്ന് മൊഴി എടുത്ത ശേഷം ആവശ്യമെങ്കിൽ ബാത്തിഷാക്കെതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
