കുട്ടികള്‍ സ്‌കൂളില്‍ എത്തിയോ, അവര്‍ എപ്പോള്‍ എത്തും, നന്നായി പഠിക്കുന്നുണ്ടോ, സ്‌കൂളില്‍ അവര്‍ എങ്ങനെയാണ്… തുടങ്ങി നിരവധി ടെന്‍ഷനുകളിലൂടെയാണ് മാതാപിതാക്കള്‍ ഓരോ ദിവസവും കടന്നു പോകുന്നത്. സ്‌കൂള്‍ ബസ് ജിപിഎസ് ഉപയോഗിച്ച് കുട്ടികളുടെ യാത്രാവിവരങ്ങള്‍ തത്സമയം അറിയാനുള്ള സൗകര്യമുണ്ടെങ്കിലും സ്‌കൂളിലെ അവരുടെ വിവരങ്ങള്‍ അറിയാന്‍ പിടിഎ മീറ്റിങുകള്‍ വരെയൊക്കെ കാത്തിരിക്കണം. എന്നാല്‍ ഈ വിവരങ്ങളെല്ലാം ഇനി തത്സമയം നിങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാകും. ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കുന്ന മൊബൈല്‍ ആപ് ‘സമ്പൂര്‍ണ പ്ലസ്’ സുസജ്ജമായിക്കഴിഞ്ഞു.

കുട്ടികളുടെ സ്‌കൂളിലെ ഹാജര്‍ നിലയും പരീക്ഷയിലെ മാര്‍ക്കും ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഈ ആപ്പിലൂടെ അറിയാന്‍ സാധിക്കും. കൈറ്റ് സജ്ജമാക്കിയ ആപില്‍ 12,943 സര്‍ക്കാര്‍-എയ്ഡഡ്- അണ്‍എയ്ഡഡ് സ്‌കൂളുകളുടെയും 36 ലക്ഷത്തിലധികം കുട്ടികളുടെ വിവങ്ങളുണ്ടാകും. രക്ഷിതാക്കള്‍ക്ക് ആപ് സൗജന്യമായി ഉപയോഗിക്കാനാകുമെന്ന് കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത് അറിയിച്ചു. ഒന്ന് മുതല്‍ ഒമ്പത് വരെ ക്ലാസുകളില്‍ ഡിസംബറില്‍ നടന്ന ടേം പരീക്ഷയുടെ വിവരങ്ങളും ആപില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലുള്ള സമ്പൂര്‍ണ ഓണ്‍ലൈന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് സിസ്റ്റത്തിന് പുറമെയാണ് പുതിയ സൗകര്യം. സ്‌കൂളില്‍ നിന്ന് അയക്കുന്ന മെസേജുകള്‍, കുട്ടികളുടെ ഹാജര്‍, പരീക്ഷയിലെ മാര്‍ക്കുകള്‍, സ്‌കൂള്‍ ബസ് സമയം, കുട്ടികളുടെ പഠന പുരോഗതി തുടങ്ങിയ വിവരങ്ങള്‍ ആപ്പിലൂടെ അറിയാനാകും. മാത്രമല്ല മാതാപിതാക്കള്‍ക്ക് അധ്യാപകരുമായി ആശയവിനിമയം നടത്താനും ആപ്പിലൂടെ അറിയാന്‍ സാധിക്കും. ആവശ്യമായ സുരക്ഷാ-സ്വകാര്യതാ ക്രമീകരണങ്ങള്‍ ആപ്പിനുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

സമ്പൂര്‍ണ പ്ലസ്’ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

പ്ലേ സ്റ്റോറില്‍ നിന്ന് സമ്പൂര്‍ണ പ്ലസ് ആപ് ഡൗണ്‍ലോഡ് ചെയ്യാം. സ്‌കൂളില്‍ നല്‍കിയിരിക്കുന്ന നമ്പര്‍ ഉപയോഗിച്ചാകണം ലോഗിന്‍ ചെയ്യേണ്ടത്. മൊബൈല്‍ നമ്പര്‍ സ്‌കൂളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്താം. നമ്പറില്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് ലോഗിന്‍ ചെയ്യാന്‍ സാധിക്കും. ലോഗിന്‍ ചെയ്ത് കഴിഞ്ഞാല്‍ ഈ നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള കുട്ടിയുടെ വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് കാണാം.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *