കനത്ത മഴയത്ത് ടാർ ചെയ്ത റോഡ് 24 മണിക്കൂർ തികയും മുമ്പ് പൊളിഞ്ഞു. ഇടുക്കിയിൽ മലയോര ഹൈവേയുടെ ഭാഗമായി നിർമ്മിക്കുന്ന കമ്പംമെട്ട് വണ്ണപ്പുറം റോഡാണ് പൊളിഞ്ഞത്. കിഫ്‌ബി ഫണ്ടിൽ ഉൾപ്പെടുത്തി കെഎസ്ടിപിഎ നിർമിക്കുന്ന റോഡാണിത്. ഹൈവേ നിർമ്മാണത്തിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് മുണ്ടിയെരുമയിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തി.
ആധുനിക സാങ്കേതികവിദ്യയിൽ നിർമ്മിക്കുന്ന ബിഎംബിസി റോഡുകൾ മഴയത്തും ടാർ ചെയ്യാവുന്നതാണ്. പക്ഷേ ഒറ്റ ദിവസം കൊണ്ട് അത് പൊളിഞ്ഞതിലാണ് നാട്ടുകാർ ക്രമക്കേട് ആരോപിക്കുന്നത്. മുണ്ടിയെരുമയിൽ മഴയത്ത് ടാറിങ് നടത്തിയപ്പോൾ തന്നെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു. 78 കോടി രൂപ ചെലവിലാണ് കമ്പംമെട്ട് വണ്ണപ്പുറം സംസ്ഥാനപാതയുടെ നിർമ്മാണം.
ഒരു കിലോമീറ്ററിന് രണ്ട് കോടി 75 ലക്ഷം രൂപ ചിലവ് വരും. ഇതിൽ തൂക്കുപാലം മുതൽ കല്ലാർ ടൗൺ വരെയുള്ള ഭാഗത്തെ നിർമാണത്തിൽ വ്യാപക ക്രമക്കേട് നടന്നതായാണ് നാട്ടുകാർ ആരോപിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്ത് എത്തി കൃത്യമായ പരിശോധന നടത്തണമെന്നാണ് ആവശ്യം.
There is no ads to display, Please add some