സംസ്ഥാനത്ത് പുണ്യ റമദാൻ വ്രതം തുടങ്ങി. ഇനിയുള്ള മുപ്പത് നാളുകള്‍ സഹനത്തിന്‍റെയും സഹാനുഭൂതിയുടേയും പുണ്യ ദിനങ്ങളാണ് ഇസ്ലാം മത വിശ്വാസികള്‍ക്ക്. സുബഹ് ബാങ്കിന് മുമ്പ് അത്താഴം കഴിച്ച് ഇസ്ലാം മത വിശ്വാസികള്‍ പുണ്യമാസത്തിലെ വ്രതാനുഷ്ഠാനത്തിലേക്ക് കടന്നു.

പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ വെടിഞ്ഞ് പ്രാര്‍ത്ഥനയിലാണ് വിശ്വാസികള്‍. മനസും ശരീരവും പാകപ്പെടുത്തി ആത്മ നിയന്ത്രണത്തിന്‍റെ വ്രതമാണ് റമദാൻ മാസത്തില്‍ വിശ്വാസി അനുഷ്ഠിക്കുന്നത്.

റമദാനിൽ ദാന ധര്‍മ്മങ്ങള്‍ക്കും ആരാധനകള്‍ക്കും അധിക പ്രതിഫലം കിട്ടുമെന്നാണ് വിശ്വാസം. സക്കാത്ത് എന്ന പേരില്‍ കൂടുതല്‍ ദാന ധര്‍മ്മങ്ങളും റമദാനിലെ പ്രത്യേകതയാണ്. പകല്‍ മുഴുവന്‍ നീളുന്ന ഖുര്‍- ആന്‍ പാരായണം റമദാനെ കൂടുതല്‍ ഭക്തിനിര്‍ഭരമാക്കുകയാണ്. രാത്രികളില്‍ താറാവീഹ് എന്ന പേരില്‍ പ്രത്യേക നമസ്കാരം ഉണ്ടാകും.

ഇഫ്താര്‍ സംഗമങ്ങളില്‍ പങ്കെടുത്ത് സ്നേഹവും സഹാനുഭൂതിയും മതസൗഹാര്‍ദ്ദവും പങ്ക് വെക്കുന്നതും റമദാന്‍റെ പ്രത്യേകതയാണ്. ഖുര്‍-ആന്‍ അവതരിച്ച മാസം, ലൈലത്തുല്‍ ഖദര്‍ എന്ന പുണ്യ രാവിന്‍റെ മാസം എന്നീ പ്രത്യേകതകളും റമദാനുണ്ട്. വ്രതം തുടങ്ങിയതോടെ പള്ളികളും വീടുകളും കൂടുതല്‍ ഭക്തി നിര്‍ഭരമായി.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *