ജയ്പൂർ: അഭ്യൂഹങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ട് ബി.ജെ.പി രാജസ്ഥാനിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. സംഗനേറിൽ നിന്നുള്ള എം.എൽ.എയായ ഭജൻലാൽ ശർമയാണ് രാജസ്ഥാനിലെ മുഖ്യമന്ത്രി. ആദ്യമായാണ് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
വൈകീട്ട് നാലുമണിക്ക് നടന്ന ബി.ജെ.പി നിയമസഭാ കക്ഷിയോഗത്തിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആണ്മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. ഛത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും പുതുമുഖങ്ങൾക്കാണ് ബി.ജെ.പി അവസരം നൽകിയത്. അത് രാജസ്ഥാനിലും തുടരുകയായിരുന്നു. ബ്രാഹ്മണ വിഭാഗത്തിൽ നിന്നുള്ള നേതാവാണിദ്ദേഹം. ദിയാ കുമാരിയും പ്രേംചന്ദ് ബൈർവയുമാണ് ഉപമുഖ്യമന്ത്രിമാർ. വസുദേവ് ദേവ്നാനി രാജസ്ഥാൻ നിയമസഭാ സ്പീക്കറാകും.
നേരത്തേ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ, എം.എൽ.എ ബാബ ബാലക്നാഥ്, കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാൾ, കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരുടെ പേരുകൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നു. എന്നാൽ ഈ പേരുകളെല്ലാം അസ്ഥാനത്താക്കിയാണ് ബി.ജെ.പിയുടെ പ്രഖ്യാപനം.കഴിഞ്ഞ ഒരാഴ്ചയായി ഛത്തീസ്ഗഢ്, മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കണ്ടെത്താനുള്ള തിരക്കിട്ട ചർച്ചകളിലായിരുന്നു ബി.ജെ.പി നേതൃത്വം. തിങ്കളാഴ്ചയാണ് മധ്യപ്രദേശിലെ മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനമായത്.

