ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ തിരുവല്ല മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. രണ്ടു മണിക്കൂര്‍ നീണ്ട ശക്തമായ വാദപ്രതിവാദങ്ങളാണ് പ്രോസിക്യൂഷനും പ്രതിഭാഗവും ഇന്നലെ നടത്തിയത്. മൂന്നാം കേസില്‍ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ നടപടികള്‍ പുരോഗമിക്കുന്നതായി പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു.

എംഎല്‍എക്കെതിരെ നിരന്തരം പരാതികള്‍ ആണെന്നും ജാമ്യം നല്‍കരുതെന്നും എസ്ഐടി വാദിച്ചു. പരാതിക്കാരിയുടെ ചാറ്റ് വിവരങ്ങള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. എല്ലാം പരസ്പര സമ്മതത്തോടെ എന്ന വാദിച്ച പ്രതിഭാഗം, ചട്ടവിരുദ്ധമായാണ് അറസ്റ്റ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടി. ജാമ്യം അനുവദിച്ചാല്‍ പ്രതി മുങ്ങുകയില്ലെന്നും പ്രതി ഉത്തരവാദിത്തമുള്ള ജനപ്രതിനിധിയാണെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്.

മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചാല്‍ സെഷന്‍സ് കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. തെളിവെടുപ്പിനോടും ചോദ്യം ചെയ്യലിനോടും രാഹുല്‍ സഹകരിക്കുന്നില്ലെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്താന്‍ പാസ്വേര്ഡുകള് നല്കാന് പ്രതി തയ്യാറായില്ലെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടി.

