പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയെ എക്സിൽ പപ്പു എന്ന് വിളിച്ച് ഉത്തർപ്രദേശിലെ ജില്ലാ കലക്ടർ. ഗൗതം ബുദ്ധനഗർ ജില്ലാ കലക്ടറായ മനീഷ് വർമയാണ് വിവാദ പരാമർശം നടത്തിയത്. കോൺഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റിന്റെ എക്‌സ് പോസ്റ്റിന് നൽകിയ മറുപടിയിലാണ് ജില്ലാ കലക്ടറുടെ പപ്പു പരാമർശമുള്ളത്.

‘നിങ്ങൾ നിങ്ങളെ കുറിച്ചും നിങ്ങളുടെ പപ്പുവിനെയും കുറിച്ച് മാത്രം ആശങ്കപ്പെട്ടാൽ മതിയെന്നായിരുന്നു’ കമന്റ്. പോസ്റ്റിൽ ആരുടെയും പേരെടുത്ത് പറയുന്നില്ലെങ്കിലും പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയെയാണ് സൂചിപ്പിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കലക്ടറുടെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ രംഗത്തെത്തി. രൂക്ഷവിമർശനവുമായി സുപ്രിയയും രംഗത്തെത്തി. ‘ഇത് നോയിഡയിലെ ജില്ലാ കലക്ടറാണ്, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പറ്റിയുള്ള അദ്ദേഹത്തിന്റെ പരാമർശം നിങ്ങൾ കാണണം. ഭരണാധികാരികളിൽ നിറയെ സംഘികളാണെന്ന് വ്യക്തമാണ്. ഇപ്പോൾ അവർ ഭരണഘടനാ പദവികളിൽ ഇരുന്നു വിദ്വേഷം പരത്തുകയാണ്’ അവർ പറഞ്ഞു.

കോൺഗ്രസ് നേതാവ് പവൻ ഖേരയും വിമർശനുവമായി രംഗത്തെത്തി. ‘ബിജെപി ഭരണത്തിന് കീഴിൽ ഐഎഎസ് ഉദ്യോഗസ്ഥർക്ക് ഇത്തരം രാഷ്ട്രീയ പരാമർശങ്ങൾ നടത്താൻ ഇപ്പോൾ ഉത്തരവിട്ടിട്ടുണ്ടോ?’ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ഇതോടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന വിശദീകരണവുമായി മജിസ്ട്രേറ്റ് രംഗത്തെത്തി. സാമൂഹ്യവിരുദ്ധർ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതെന്ന് കാണിച്ച് ജില്ലാ കലക്ടർ പൊലീസിൽ പരാതി നൽകി. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന കലക്ടറുടെ അവകാശവാദത്തെ വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകൾ വിമർശിച്ച് രംഗത്തെത്തി.

അക്കൗണ്ടിലെ പോസ്റ്റുകളുടെ സമയം പരിശോധിച്ചാൽ ഔദ്യോഗിക പോസ്റ്റുകൾ അക്കൗണ്ടിൽ വന്ന സമയത്താണ് വിവാദ കമന്റും പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് വ്യക്തമാണ്. 13-ന് രാത്രി 7.34-നാണ് വിവാദമായ കമന്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയത്ത് തന്നെ വെള്ളക്കെട്ടിലായ ഒരു ഗ്രാമം കലക്ടർ സന്ദർശിക്കുന്ന പടവും പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിന് മുമ്പ് വൈകുന്നേരം 5.59 നാണ് മറ്റൊരു പോസ്റ്റ് വന്നിരിക്കുന്നത്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *