പൂഞ്ഞാർ: മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യു.പി സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച 26 കുട്ടികളെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റതാണെന്ന് ആശുപത്രി അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വിദഗ്ദ്ധ പരിശോധനകൾക്കും ലാബ് ഫലങ്ങൾക്കും ശേഷം മാത്രമേ അസ്വസ്ഥതയുടെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് ഡോക്ടർമാർ അറിയിച്ചു.
സ്കൂളിലെ ഭക്ഷണസാധനങ്ങളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. സംഭവത്തെത്തുടർന്ന് രക്ഷിതാക്കളും നാട്ടുകാരും ആശങ്കയിലാണ്.

