കോഴിക്കോട്: കുറ്റ്യാടി നെടുമണ്ണൂർ എയ്ഡഡ് എൽ.പി സ്‌കൂളിൽ പൂജ നടത്തി ബി.ജെ.പി പ്രവർത്തകർ. സ്‌കൂൾ മാനേജറുടെ മകൻ രുധീഷ് അടക്കമുള്ള ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിലാണ് സ്കൂളിൽ പൂജ നടന്നത്. സംഭവത്തെ തുടർന്ന് നാട്ടുകാരിൽ നിന്ന് വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നു.
ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. അസാധാരണമായ രീതിയിൽ സ്കൂളിന്റെ മൈതാനത്ത് നിന്ന് ശബ്ദവും വെളിച്ചവും ഉയർന്നതോടെയാണ് പൂജയെ കുറിച്ച് നാട്ടുകാർ അറിയുന്നത്.
സംഭവത്തിൽ പ്രതിഷേധിച്ച് സമീപ പ്രദേശത്തെ സി.പി.ഐ.എം പ്രവർത്തകർ രംഗത്തെത്തുകയും ആളുകൾ കൂടിയതോടെ പൂജ നടത്തിയവരും നാട്ടുകാരും തമ്മിൽ സംഘർഷം ഉണ്ടാവുകയും ചെയ്തു.
സംഘർഷത്തെ തുടർന്ന് സ്ഥലത്തെത്തിയ തൊട്ടിൽപ്പാലം പൊലീസ് പൂജ നടത്തിയവരെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് സ്റ്റേഷൻ ജ്യാമത്തിൽ വിട്ടയക്കുകയും ചെയ്‌തതായാണ് റിപ്പോർട്ട്.
സംഭവത്തിൽ അധികൃതരോട് വിദ്യഭ്യാസവകുപ്പ് വിശദീകരണം തേടിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുന്നുമ്മൽ എ.ഇ.ഒയോടാണ് വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടിയിട്ടുള്ളത്. ബുധനാഴ്‌ച തന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്ന് കുന്നുമ്മൽ എ.ഇ.ഒ അറിയിച്ചു.
