മുണ്ടക്കയം: വാഹനങ്ങൾ കടത്തിവിടാത്തതിൽ പ്രതിഷേധിച്ച് എരുമേലി മുണ്ടക്കയം പാത ഉപരോധിച്ച് ശബരിമല തീർത്ഥാടകർ. ഇതര സംസ്ഥാന തീർത്ഥാടകരാണ് പ്രതിഷേധവുമായി എത്തിയത്. പുത്തൻ ചന്തിയിൽ ആയിരുന്നു തീർത്ഥാടകരുടെ പ്രതിഷേധം.
സന്നിധാനത്തെ തിരക്ക് പരിഗണിച്ച് പലയിടത്തും ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്. ശബരിമലയിലെ തിരക്ക് കുറയുന്ന മുറയ്ക്കു വാഹനങ്ങൾ ഇറങ്ങുന്നതിനനുസരിച്ചു മാത്രം ഇടത്താവളങ്ങളിൽനിന്ന് വാഹനങ്ങൾ കടത്തിവിട്ടാൽമതി എന്ന നിലപാടിലാണ് പൊലീസ്. ഇതോടെ മുണ്ടക്കയം പുത്തൻ ചന്തയിൽ എരുമേലി പാതയിൽ പോലീസ് തീർത്ഥാടകരുടെ വാഹനങ്ങൾ തിങ്കളാഴ്ച പുലർച്ചെ മുതൽ തടഞ്ഞിട്ടു.
ഇതിൽ പ്രതിഷേധിച്ചാണ് റോഡ് ഉപരോധവുമായി തീർത്ഥാടകർ എത്തിയത്. ഉപരോധം നീണ്ടതോടെ മുണ്ടക്കയം ടൗൺ ഉൾപ്പെടെ ദേശീയപാതയിലും ഗതാഗതം സ്തംഭിച്ചു. തുടർന്ന് പോലീസുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ 7:30ഓടെ തീർത്ഥാടകർ ഉപരോധത്തിൽ നിന്നും പിന്മാറി. തുടർന്ന് ഭാഗികമായി വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങി.
