ഏറ്റുമാനൂർ: പെട്രോൾ പമ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ വെട്ടിമുകൾ തേനാകര വീട്ടിൽ ഷിന്റോ (22), ഏറ്റുമാനൂർ കട്ടച്ചിറ ഷട്ടർ കവല ഭാഗത്ത് തമ്പേമഠത്തിൽ വീട്ടിൽ ഷാലു (20), മുട്ടുചിറ ആയാംകുടി നാല് സെന്റ് കോളനി ഭാഗത്ത് പരിയത്താനം വീട്ടിൽ രതീഷ്(30), ഏറ്റുമാനൂർ പുന്നത്തറ ഭാഗത്ത് ചെറ്റയിൽ വീട്ടിൽ സുധീഷ്(24) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം ചേർന്ന് കഴിഞ്ഞ ദിവസം വെളുപ്പിനെ ഏറ്റുമാനൂർ കിസ്‌മത്ത് പടി ഭാഗത്തുള്ള പൊൻമാങ്കൽ പമ്പിലെ ജീവനക്കാരനെ അവിടെവച്ച് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പമ്പിൽ എത്തിയ ഇവരുടെ സുഹൃത്ത് ജീവനക്കാരനോട് പണം നൽകാതെ വണ്ടിയിൽ പെട്രോൾ അടിക്കാൻ പറഞ്ഞതിനെ ജീവനക്കാരൻ എതിർത്തിരുന്നു. ഇതിലുള്ള വിരോധം മൂലം ഇയാൾ തിരിച്ചുപോയി സുഹൃത്തുക്കളുമായെത്തി ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു.
ഇവർ സംഘം ചേർന്ന് ജീവനക്കാരനെ മർദ്ദിക്കുകയും കമ്പി വടികൊണ്ട് ആക്രമിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവ സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. ആക്രമണത്തിൽ ജീവനക്കാരന് സാരമായ പരിക്കേൽക്കുകയും ചെയ്തു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ ഇവരെ വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടുകയായിരുന്നു.
ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്. ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ മാരായ ബിജു വി.കെ, സുരേഷ്, സി.പി.ഓ മാരായ ഡെന്നി പി.ജോയ്, അനീഷ് വി.കെ, സെയ്ഫുദ്ദീൻ, സജി, ലെനിഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഷിന്റോ, സുധീഷ് എന്നിവർക്ക് ഏറ്റുമാനൂർ സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാണ്ട് ചെയ്തു. മറ്റു പ്രതികൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കി.
There is no ads to display, Please add some