കോട്ടയം: ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമര്‍ശക്കേസില്‍ ജാമ്യാപേക്ഷ തള്ളിയ ബിജെപി നേതാവ് പിസി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വൈദ്യ പരിശോധനയില്‍ ഇസിജിയില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്നാണ് പാല സബ് ജയിലിലേക്കയക്കാതെ ജോര്‍ജിനെ മെഡിക്കല്‍ കോളജിലെത്തിച്ചത്. ഇവിടെ വിദഗ്ധ പരിശോനയ്ക്ക് ശേഷമാകും ജോര്‍ജിനെ പ്രിസണ്‍ സെല്ലിലേക്ക് മാറ്റമോ അതോ ജയിലിലേക്കെത്തിക്കണോ എന്ന കാര്യത്തില്‍ തീരുമാനിക്കുകയുള്ളു.

പൊലീസിന് പിടികൊടുക്കാതെ കോടതിയില്‍ കീഴടങ്ങിയ ജോര്‍ജിന്റെ ജാമ്യാപേക്ഷ ഈരാറ്റു പേട്ട മജിസ്‌ട്രേറ്റ് കോടതി തള്ളിയതോടെയാണ് മാര്‍ച്ച് 10 വരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡില്‍ വിട്ടത്. വൈകീട്ട് ആറുമണിവരെ പി സി ജോര്‍ജ് പൊലീസ് കസ്റ്റഡിയിലായിരുന്നു. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു.

കോടതിയില്‍ നിന്ന് വൈദ്യ പതിശോധനയ്ക്ക് ഇറങ്ങിയ പിസി ജോര്‍ജ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ക്ഷുഭിതാനായി. പാല ജനറല്‍ ആശുപത്രിയില്‍ നടന്ന വൈദ്യ പരിശോധനയില്‍ ഇസിജിയില്‍ വ്യതിയാനം കണ്ടത്തിയിരുന്നു. തുടര്‍ന്നാണ് വിദഗ്ധ പരിശോധനയ്ക്കായി കോട്ടയം കോളജില്‍ എത്തിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തടവുകാര്‍ക്കായി പ്രത്യേക സെല്ലുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടതോടെ ജോര്‍ജിനെ രാത്രി ഇവിടെ പാര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

നേരത്തെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കത്തിനിടെയാണ് അദ്ദേഹം ബിജെപി നേതാക്കള്‍ക്കൊപ്പം കോടതിയിലെത്തി നാടകീയമായി കീഴടങ്ങിയത്. ഇരു ഭാഗങ്ങളുടെയും വാദം കേട്ട ശേഷമാണ് കോടതിയുടെ നടപടി. രണ്ട് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ നാലുമണിക്കൂര്‍ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You missed