ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പേട്രിയറ്റ് സിനിമയ്ക്ക് വിലക്കുമായി തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്. തിയറ്ററിൽ നിന്നുള്ള നിർമാണ-വിതരണ വിഹിതം കൂട്ടിചോദിച്ചതിനാണ് വിലക്ക്. ചിത്രവുമായി കരാർ വയ്ക്കരുതെന്ന് തിയറ്ററുകൾക്ക് ഫിയോക് നിർദേശം നല്‍കിയിട്ടുണ്ട്. ഏപ്രിൽ 23നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

മലയാള സിനിമകള്‍ തിയറ്ററില്‍ എത്തുമ്പോള്‍ തിയറ്റര്‍ ഉടമകള്‍ ആദ്യ ആഴ്ചയില്‍ 60 ശതമാനം വിഹിതവും രണ്ടാം ആഴ്ചയില്‍ 55 ശതമാനം വിഹിതവും മൂന്നാമത്തെ ആഴ്ച 50 ശതമാനം വിഹിതവുമാണ് നല്‍കുന്നത്. എന്നാല്‍ പേട്രിയറ്റിന്‍റെ നിര്‍മാതാക്കള്‍ ആദ്യത്തെ രണ്ടാഴ്ചയിലും 60 ശതമാനം വിഹിതം തന്നെ വേണമെന്ന് ആവശ്യപ്പെട്ട് എഗ്രിമെന്‍റ് വയ്ക്കുകയായിരുന്നു. ഇതിനെതിരെയാണ് ഫിയോക്ക് രംഗത്ത് എത്തിയിരിക്കുന്നത്.

ആദ്യ രണ്ടാഴ്ചയിലും 60 ശതമാനം എന്ന കണക്കില്‍ സിനിമ ഓടാന്‍ സാധിക്കില്ലെന്നും അത് വന്‍ നഷ്ടമാകും തിയറ്ററുകാര്‍ക്ക് നല്‍കുകയെന്നും ഫിയോക്ക് ചൂണ്ടിക്കാട്ടുന്നു. മള്‍ട്ടി പ്ലക്സ് അടക്കമുള്ള തിയറ്ററുകള്‍ക്ക് 60, 55 ശതമാനം എന്നതില്‍ നിന്നും കുറച്ചാണ് നിര്‍മാതാക്കള്‍ എഗ്രിമെന്‍റ് കൊടുത്തിരിക്കുന്നതെന്നും ഫിയോക്ക് പറയുന്നു.


