മരുമകളോടുള്ള പകയിൽ പിഞ്ചുകുഞ്ഞിനെ വകവരുത്തി മുത്തശ്ശി. പതിനഞ്ച് മാസം മാത്രം പ്രായമുള്ള പേരക്കുട്ടിയെയാണ് ഇത് തന്റെ മകന്റെ കുഞ്ഞല്ലെന്ന് പറഞ്ഞ് മുത്തശ്ശി കൊന്നത്. മരുമകൾക്ക് അവിഹിതബന്ധത്തിൽ ജനിച്ച കുഞ്ഞിനെ തൻ്റെ മകൻ്റെ തലയിൽ കെട്ടിവച്ചുവെന്നാണ് അറുപതികാരിയായ വിരുതാംബാൾ ആരോപിക്കുന്നത്. തമിഴ്നാട്ടിലെ അരിയലൂർ ജില്ലയിലാണ് സംഭവം.
വിരുതാംബാൾ നിലവിൽ പൊലീസ് കസ്‌റ്റഡിയിലാണ്. 15 മാസം പ്രായമുള്ള കൃതിക എന്ന പെൺകുഞ്ഞാണ് കൊല്ലപ്പെട്ടത്. വിരുതാംബാളുടെ മകൻ രാജ വിദേശത്താണ്. മരുമകൾ സന്ധ്യയും രണ്ടു മക്കളും ഇവർക്കൊപ്പമായിരുന്നു താമസം. രാജ വിദേശത്തേക്ക് പോകുമ്പോൾ ഇരുപത്തിയൊന്നുകാരിയായ സന്ധ്യ രണ്ടാമത് ഗർഭിണിയായിരുന്നു. എന്നാൽ ഇത് അവിഹിതബന്ധത്തിലുള്ള ഗർഭമാണെന്നാണ് വിരുതാംബാൾ പറയുന്നത്.

ഇക്കാര്യം പറഞ്ഞ് സ്‌ഥിരമായി വിരുതാമ്പാൾ പ്രശ്‌നമുണ്ടാക്കിയിരുന്നതായി സന്ധ്യ പൊലീസിനെ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്‌ച മക്കളെ വീട്ടിൽ വിട്ട് സൊസൈറ്റിയിൽ നിന്ന് പാൽ വാങ്ങാൻ പോയതാണ് സന്ധ്യ. തിരിച്ചെത്തുമ്പോൾ കാണുന്നത് മകൾ കൃതിക ബോധമറ്റ് കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തും മുൻപ് തന്നെ കുഞ്ഞ് മരിച്ചിരുന്നു.
സന്ധ്യയുടെ പരാതിയിന്മേൽ വിരുതാംബാളിനെ പൊലീസ് ചോദ്യം ചെയ്തു. ആദ്യം വിസമ്മതിച്ചുവെങ്കിലും മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ വിരുതാംബാൾ കുറ്റം സമ്മതിക്കുകയായിരുന്നു. സഹോദരന്റെ മേൽ മണൽവാരിയെറിഞ്ഞ് കളിക്കുകയായിരുന്നു കൃതിക. ഇത് കണ്ടുകൊണ്ടു വന്നപ്പോൾ തനിക്ക് വല്ലാതെ ദേഷ്യം തോന്നിയെന്നും കുഞ്ഞിനെ മണല് കഴിപ്പിച്ചുവെന്നുമാണ് വിരുതാംബാൾ പൊലീസിനോട് പറഞ്ഞത്.
