ന്യൂഡല്‍ഹി: നെടുമ്പാശ്ശേരിയില്‍ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ച സംഭവം അങ്ങേയറ്റം വേദനാജനകമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളത്തെ ഞെട്ടിപ്പിച്ച സംഭവമാണ്. ഓപ്പറേഷന്‍ തൂഫാന്റെ പ്രസക്തി വ്യക്തമാക്കുന്നതാണിത്. സ്‌കൂട്ടറില്‍ സഞ്ചരിച്ച ഒന്നുമറിയാത്ത മൂന്നു കുട്ടികളാണ് മരിച്ചത്. ആ പ്രതിയെ രക്ഷിക്കാന്‍ ആരു ശ്രമിച്ചാലും നടക്കില്ല. നിയമം അനുശാസിക്കുന്ന കടുത്ത ശിക്ഷ തന്നെ വാങ്ങിക്കൊടുക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.

പ്രതിയെ ബോസ്റ്റല്‍ ഹോമിലേക്ക് അയച്ചത് എന്തിനാണെന്നാണ് പൊതുവില്‍ സംശയം ഉയര്‍ന്നത്. അയാളെ ബോസ്റ്റല്‍ ഹോമിലേക്ക് അയച്ചത് പൊലീസ് അല്ല, കോടതിയാണ്. പൊലീസ് പ്രതിയെ കോടതിക്ക് കൊടുക്കുമ്പോള്‍, കോടതിയാണ് റിമാന്‍ഡ് ചെയ്യുന്നത്. 21 വയസ്സില്‍ താഴെയുള്ളവര്‍ പ്രതികളായാല്‍ അവരെ ബോസ്റ്റല്‍ ഹോമിലേക്ക് അയക്കുന്നതാണ് നിയമം. അതിന്റെ അര്‍ത്ഥം പ്രതി കേസില്‍ നിന്നും രക്ഷപ്പെട്ടു എന്നല്ല. നിയമം അനുശാസിക്കുന്ന എല്ലാ ശിക്ഷയും പ്രതിക്ക് നല്‍കാനുള്ള നടപടിയാണ് പൊലീസ് കൈക്കൊള്ളുന്നത്.

പ്രതിക്കെതിരെ ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. മരിച്ച കുട്ടികളുടെ കുടുംബത്തിന് ഒരു ആശങ്കയും വേണ്ട. ആ കുടുംബങ്ങളെ ആരൊക്കെയോ തെറ്റിദ്ധരിപ്പിക്കുകയാണ്. ഈ പ്രതിക്ക് കൊടുക്കാന്‍ കഴിയാവുന്ന എറ്റവും വലിയ ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന് ആഭ്യന്തരമന്ത്രി എന്ന നിലയില്‍ ഉറപ്പുനല്‍കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതിനുവേണ്ടി പൊലീസും പ്രോസിക്യൂഷനും നിലകൊള്ളും. ഒരു പഴുതുപോലുമില്ലാതെ നിയമം അനുശാസിക്കുന്ന ശിക്ഷ തന്നെ പ്രതിക്ക് വാങ്ങി നല്‍കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

പ്രതി ആലപ്പുഴ ജില്ലക്കാരനല്ല, ഏതു ജില്ലക്കാരനായാലും ഒരു മന്ത്രിയും ഇടപെടില്ല. പ്രതിയുടെ കുടുംബം എന്റെ മണ്ഡലത്തില്‍പ്പെട്ടയാളല്ല. കേസില്‍ ആദ്യം മദ്യപിച്ചു എന്ന് രേഖപ്പെടുത്തായിരുന്നതിനെയും മന്ത്രി ന്യായീകരിച്ചു. ആദ്യം അയാളുടെ രക്തം പരിശോധിക്കണം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയശേഷമേ ആ കുറ്റം രേഖപ്പെടുത്തുകയുള്ളൂ. അക്കാര്യം രേഖപ്പെടുത്തും. ഇക്കാര്യത്തില്‍ വേദനിക്കുന്ന കുടുംബത്തിന്റെ ആശങ്ക മനസ്സിലാക്കുന്നു. അത് പൊലീസും സര്‍ക്കാരും ഉള്‍ക്കൊള്ളുന്നുണ്ട്. കിട്ടാവുന്നതില്‍ ഏറ്റവും വലിയ ശിക്ഷ വാങ്ങിക്കൊടുക്കുമെന്ന് ഉറപ്പു നല്‍കുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

പ്രതി തന്റെ മണ്ഡലത്തില്‍പ്പെട്ട ആളല്ല. എന്നാല്‍ എന്റെ ജില്ലയില്‍പ്പെട്ടവരാണ്. എന്നുവെച്ച് ഇതിലൊന്നും ആരും ഇടപെടില്ല. പ്രതിയുടെ കുടുംബം ഇപ്പോള്‍ എറണാകുളത്താണ് താമസിക്കുന്നത്. പ്രതിയെ രക്ഷിക്കാനുള്ള ഒരു നീക്കവും ഉണ്ടാകില്ല. അതിന് സമ്മതിക്കുകയുമില്ല. അതിന് പൊലീസോ സര്‍ക്കാരോ കൂട്ടുനില്‍ക്കില്ല. ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. നെടുമ്പാശ്ശേരി മൂന്നുപേരുടെ മരണത്തിനിടയാക്കി മിനി കൂപ്പര്‍ അപകട കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് സംശയമുണ്ടെന്ന് മരിച്ച ഗോപികയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You missed