മുല്ലപ്പൂ കൈവശം വെച്ചതിന് നടി നവ്യ നായര്‍ ഒരുലക്ഷം രൂപയിലേറെ പിഴ നല്‍കി. ഓസ്ട്രേലിയയിലെ മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 15 സെന്റിമീറ്റര്‍ മുല്ലപ്പൂവാണ് നടിയുടെ പക്കല്‍ ഉണ്ടായിരുന്നത്. നവ്യ തന്നെയാണ് തനിക്കുണ്ടായ അനുഭവം ഒരു ചടങ്ങില്‍ തുറന്നുപറഞ്ഞത്.

വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനായാണ് നവ്യാ നായര്‍ ഓസ്ട്രേലിയയിലേക്ക് പോയത്. ഈ പരിപാടിയില്‍ സംസാരിക്കവെയാണ് നവ്യ തനിക്ക് വിമാനത്താവളത്തിലുണ്ടായ അനുഭവം സദസ്സുമായി പങ്കുവെച്ചത്. മുല്ലപ്പൂ കൊണ്ടുപോകാന്‍ പാടില്ല എന്ന നിയമം തനിക്ക് അറിയില്ലായിരുന്നു എന്നും നവ്യ പറഞ്ഞു. നവ്യാ നായരില്‍ നിന്ന് 1980 ഓസ്ട്രേലിയന്‍ ഡോളര്‍ (ഏകദേശം ഒന്നേകാല്‍ ലക്ഷം ഇന്ത്യന്‍ രൂപ) ആണ് ഓസ്ട്രേലിയന്‍ കൃഷിവകുപ്പ് ഈടാക്കിയത്.

ഇങ്ങോട്ട് വരുന്നതിന് മുമ്പ് എന്റെ അച്ഛനാണ് എനിക്ക് മുല്ലപ്പൂ വാങ്ങിത്തന്നത്. അത് രണ്ട് കഷ്ണമായി മുറിച്ചാണ് എനിക്ക് തന്നത്. കൊച്ചി മുതല്‍ സിങ്കപ്പൂര്‍ വരെ ഒരു കഷ്ണം മുടിയില്‍ അണിയാന്‍ അച്ഛന്‍ പറഞ്ഞു. സിങ്കപ്പൂരെത്തുമ്പോഴേക്ക് അത് വാടിപ്പോകും. സിങ്കപ്പൂരില്‍ നിന്ന് അണിയാനായി രണ്ടാമത്തെ കഷ്ണം ഹാന്‍ഡ്ബാഗില്‍ വെക്കാനും അദ്ദേഹം പറഞ്ഞു. ഒരു ക്യാരിബാഗിലാക്കി ഞാന്‍ അത് എന്റെ ഹാന്‍ഡ് ബാഗില്‍ വെച്ചു.’ നവ്യാ നായര്‍ പറഞ്ഞു.

ഞാന്‍ അതുപോലെ തന്നെ ചെയ്തു. എന്നാല്‍ ഞാന്‍ ചെയ്തത് നിയമവിരുദ്ധമായ കാര്യമായിരുന്നു. അറിയാതെ ചെയ്ത തെറ്റ്. അറിവില്ലായ്മ ഒഴികഴിവല്ല എന്ന് എനിക്കറിയാം. 15 സെന്റിമീറ്റര്‍ മുല്ലപ്പൂ കൊണ്ടുവന്നതിന് അധികൃതര്‍ എന്നോട് 1980 ഡോളര്‍ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടു. 28 ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് അവര്‍ എന്നോട് പറഞ്ഞത്, നവ്യ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *