കൊച്ചി: പെരുമ്പാവൂരില്‍ നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി. മന്ത്രിമാരെ മാത്രം സംരക്ഷിച്ചാല്‍ പോരാ, ജനങ്ങളെ കൂടി സംരക്ഷിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊതുസ്ഥലത്ത് വച്ച് പ്രതികളെ മര്‍ദ്ദിച്ചവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല എന്ന് കോടതി ചോദിച്ചു. നീതി എല്ലാവര്‍ക്കും കൂടിയുള്ളതാണ്. രണ്ട് നീതി എന്തിനെന്നും പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ചോദിച്ചു.

കേസില്‍ കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ 308-ാം വകുപ്പാണ് ചുമത്തിയിരിക്കുന്നത്. വധശ്രമവുമായി ബന്ധപ്പെട്ടുള്ളതാണ് ഈ വകുപ്പ്. കേസില്‍ 308-ാം വകുപ്പ് എങ്ങനെ നിലനില്‍ക്കുമെന്ന് കോടതി ചോദിച്ചു. ബസിന് നേരെ ഷൂ എറിഞ്ഞ കാരണത്താല്‍ എങ്ങനെയാണ് 308-ാം വകുപ്പ് ചുമത്താന്‍ കഴിയുക? ഓടിക്കൊണ്ടിരുന്ന ബസിന് നേരെയാണ് ഷൂ എറിഞ്ഞത്. ഷൂ ബസിനുള്ളിലേക്ക് പോയില്ലല്ലോ? പിന്നെ എങ്ങനെയാണ് വധശ്രമത്തിന് കേസെടുക്കുന്നത് എന്നും കോടതി ചോദിച്ചു.

പൊലീസ് ഉപദ്രവിച്ചതായി കോടതിയിൽ ഹാജരാക്കിയ പ്രതികൾ വെളിപ്പെടുത്തി. പ്രതികളെ ഉപദ്രവിക്കാൻ പൊലീസ് ആരാണ് അധികാരം നൽകിയതെന്നും കോടതി ചോദിച്ചു. നീതി എല്ലാവർക്കും അർഹതപ്പെട്ടതാണെന്നും കോടതി പറഞ്ഞു. പ്രതികളെ മർദ്ദിച്ച പൊലീസുകാർക്കെതിരായ പരാതി വിശദമായി എഴുതി നൽകാനും കോടതി പ്രതികൾക്ക് നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *