കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കും ജനദ്രോഹ ലേബര്‍ കോഡുകള്‍ക്കുമെതിരെ രാജ്യവ്യാപകമായി ആഹ്വാനം ചെയ്തിട്ടുള്ള 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഫെബ്രുവരി 12-ന്. ബുധനാഴ്ച അര്‍ദ്ധരാത്രി 12 മുതല്‍ വ്യാഴാഴ്ച അര്‍ദ്ധരാത്രി 12 വരെ നീളുന്ന പണിമുടക്കില്‍ കേരളം പൂര്‍ണ്ണമായും സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാതെ പൊതുജനങ്ങൾ പണിമുടക്കിനോട് സഹകരിക്കണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു. സി.ഐ.ടി.യു ഉൾപ്പെടെ പത്തോളം കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന പണിമുടക്കിന് കർഷക സംഘടനകളും ബാങ്ക്, ഇൻഷുറൻസ്, ഐടി മേഖലയിലെ ജീവനക്കാരും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ പണിമുടക്കാണെങ്കിലും മറ്റ് സംസ്ഥാനങ്ങളിലൊന്നും ജനജീവിതത്തെ ബാധിക്കില്ല. പൊതു പണിമുടക്ക് എല്ലാ അർത്ഥത്തിലും ഹർത്താലായി മാറും. അതും വിട്ട് ബന്ദാകാനും സാധ്യതയുണ്ട്.

തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, വൈദ്യുതി-വിത്ത് ഭേദഗതി ബില്ലുകൾ പിൻവലിക്കുക, ഇൻഷുറൻസ് മേഖലയിലെ 100 ശതമാനം വിദേശ നിക്ഷേപം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കും; കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളും ഓട്ടോ-ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങില്ല. എന്നാൽ ശബരിമല തീർത്ഥാടകർക്കും മാരാമൺ കൺവെൻഷനും തടസ്സമുണ്ടാകില്ലെന്ന് യൂണിയനുകൾ വ്യക്തമാക്കിയിട്ടുണ്ട്.

പത്രം, പാൽ, ആശുപത്രി, മരുന്ന് ഷോപ്പുകൾ, ആംബുലൻസ്, ഫയർഫോഴ്സ് എന്നീ അത്യാവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ 500-ഓളം കേന്ദ്രങ്ങളിൽ തൊഴിലാളികൾ പ്രതിഷേധ പ്രകടനങ്ങളും റാലികളും സംഘടിപ്പിക്കും. രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിച്ച് എൻ.ജി.ഒ സംഘ് പണിമുടക്കിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം സർവീസ് സംഘടനകളും പണിമുടക്കിനൊപ്പമാണ്.

Leave a Reply

Your email address will not be published. Required fields are marked *