ചെങ്ങന്നൂർ : സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണവും സ്വർണവും തട്ടിയെടുക്കുകയും ചെയ്തെന്ന കേസിൽ മുണ്ടക്കയം കൊക്കയാർ വെംബ്ലി വടക്കേമല തുണ്ടിയിൽ അജിത്ത് ബിജുവിനെ (28) പൊലീസ് അറസ്റ്റ് ചെയ്തു.

ആലപ്പുഴ സ്വദേശിയായ പിന്നാക്ക വിഭാഗത്തിൽപെട്ട യുവതിയെ പീഡിപ്പിക്കുകയും സ്വകാര്യ വിഡിയോകൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണവും സ്വർണവും തട്ടിയെടുക്കുകയുമായിരുന്നെന്നു പൊലീസ് പറഞ്ഞു. ആലപ്പുഴ വനിതാ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. അജിത്ത് ബി.കൃഷ്ണ നായർ എന്ന ഇൻസ്റ്റഗ്രാം ഐഡിയിൽ തന്റെ റീൽസുകൾ സ്ഥിരമായി പോസ്റ്റ് ചെയ്ത് യുവതികളുമായി ചങ്ങാത്തത്തിലാകുന്ന പ്രതി ഇവരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുന്നത് പതിവാണെന്നും പൊലീസ് പറഞ്ഞു.

പ്രതിക്കെതിരെ മലപ്പുറം കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ജയിൽശിക്ഷ അനുഭവിച്ചതാണ്. ഈ കേസിൽ ജാമ്യമെടുത്ത് പലയിടത്തായി ഒളിവിൽ കഴിഞ്ഞുവരവേയാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുള്ള സ്ത്രീകളുമായി ബന്ധത്തിലാകുന്നത്. രണ്ട് വർഷം മുൻപു നടന്ന സംഭവത്തിൽ പ്രതി ഇപ്പോഴും ഭയപ്പെടുത്തി പണം അപഹരിക്കാൻ ശ്രമിച്ചതോടെയാണ് ആലപ്പുഴ സ്വദേശിയായ യുവതി പരാതി നൽകിയത്. കൂടുതൽ യുവതികളെ ഇത്തരത്തിൽ വഞ്ചിച്ചതായി പൊലീസ് സംശയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *