മാവേലിക്കര: പുന്നമൂട്ടിൽ റെയില്പാളത്തിനു സമീപം ട്രെയിൻ തട്ടി രണ്ടുവയസ്സുകാരൻ ദാരുണമായി മരിച്ച സംഭവത്തിൽ അമ്മയ്ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. പുന്നമൂട് താനിപ്പള്ളിൽ സിജുവിന്‍റെ മകൻ അക്ഷിതാണ് (2) മരിച്ചത്. കുട്ടിയുടെ അമ്മ അഖില (31) യ്ക്കെതിരേയാണ് പൊലീസ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് 6:45-ഓടെ ളാഹ റെയിൽവേ ഗേറ്റിനു സമീപത്തായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിനാണ് അമ്മയേയും കുഞ്ഞിനേയും ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ചുവീഴുകയായിരുന്നു. ഉടൻതന്നെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ കുരുന്നിന്‍റെ ജീവൻ രക്ഷിക്കാനായില്ല. അഖില ജീവനൊടുക്കാനുള്ള ഉദ്ദേശ്യത്തോടെ കുട്ടിയെയുമെടുത്ത് ട്രാക്കിനു നടുവിൽ നിൽക്കുകയായിരുന്നുവെന്നും, ട്രെയിൻ അടുത്തുവരുന്നത് കണ്ട് മാറാൻ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചതെന്നും ആർപിഎഫ് അറിയിച്ചു.
നിലവിൽ പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിൽ നിരീക്ഷണത്തിലാണ് അഖില. ഇവരുടെ മാനസികാരോഗ്യം മെച്ചപ്പെടുന്ന മുറയ്ക്ക് തുടർന്നുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി

