കോഴിക്കോട്: റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിക്കുന്നതിന് കരാറുകാരന്റെ വാഹനത്തിൽ കയറിയതിനെ തുടർന്നുണ്ടായ വിവാദത്തിൽ മറുപടിയുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. അധോലോക രാജാവായ ഒരു പിടികിട്ടാപ്പുള്ളിയുടെ വാഹനമായാൽ പോലും മന്ത്രിക്ക് എന്ത് ഉത്തരവാദിത്തമെന്ന് റിയാസ് ചോദിച്ചു.
സംഭവത്തെക്കുറിച്ച് കലക്ടറോടും ജില്ലാ പൊലീസ് മേധാവിയോടും ചോദിച്ചിട്ടുണ്ട്. വണ്ടിയുടെ ആർസി ബുക്കും മറ്റും കയറുന്നതിനു മുൻപ് നോക്കാൻ മന്ത്രിക്കാവുമോ? ചിലരുടെ ചോരകുടിക്കാനാണ് ഇങ്ങനെ വാർത്തകൾ നൽകുന്നതെന്നും മന്ത്രി റിയാസ് പറഞ്ഞു.
കോഴിക്കോട്ട് ഇന്നലെ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ മന്ത്രി മുഹമ്മദ് റിയാസ് കരാറുകാരന്റെ വാഹനത്തിൽ അഭിവാദ്യം സ്വീകരിച്ചതാണ് വിവാദമായത്. മാവൂരിലെ കൈരളി കൺസ്ട്രക്ഷൻസിന്റെ വാഹനത്തിലാണ് മന്ത്രി അഭിവാദ്യം സ്വീകരിച്ചത്. മാവൂർ സ്വദേശി വിപിൻ ദാസന്റെ ഉടമസ്ഥതയിലുള്ളതാണു വാഹനം.
പൊലീസ് വാഹനത്തിലാണു സാധാരണ നിലയിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കേണ്ടത്. എന്നാൽ പൊലീസിന്റെ പക്കൽ വാഹനം ഇല്ലായിരുന്നതിനാലാണ് മറ്റൊരു വാഹനം ക്രമീകരിച്ചതെന്നാണ് സിറ്റി പൊലീസ് കമ്മിഷണർ വിശദീകരിച്ചത്. പൊലീസ് നേരത്തെതന്നെ വാഹനം ആവശ്യപ്പെട്ടിരുന്നതായി വാഹനഉടമയും പറഞ്ഞു.
There is no ads to display, Please add some