തിരുവനന്തപുരം: ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിന്റെ സൂത്രധാരൻ പിടിയിൽ. ഗുരുവായൂർ സ്വദേശി റിയാസ് എന്ന കല്ല് റിയാസ് ആണ് പിടിയിലായത്. ഉത്തർപ്രദേശിൽ നിന്നാണ് ഇയാളെ തൃശൂർ സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്.
ബംഗളൂരുവിൽ നിന്നും കേരളത്തിലെ മയക്കുമരുന്ന് സംഘങ്ങൾക്ക് എംഡിഎംഎ വിതരണം ചെയ്യുന്ന സൂത്രധാരനാണ് പിടിയിലായ റിയാസെന്ന് പൊലീസ് സൂചിപ്പിച്ചു. തൃശൂരിൽ ആംബുലൻസിൽ നിന്നും എംഡിഎംഎ പിടികൂടിയ സംഭവത്തിലെ അന്വേഷണമാണ് പൊലീസിനെ റിയാസിലേക്ക് എത്തിച്ചത്.
സൈറൺ മുഴക്കി വന്ന ആംബുലൻസ് തടഞ്ഞ് പരിശോധിച്ചപ്പോൾ 250 ഗ്രാം എംഡിഎംഎയാണ് അന്ന് പിടിച്ചെടുത്തത്. പൊലീസ് അന്വേഷണം നടത്തുന്നത് അറിഞ്ഞ് റിയാസ് കഴിഞ്ഞ രണ്ടുമാസമായി ഒളിവിലായിരുന്നു. യുപിയിൽ നിന്നും കസ്റ്റഡിയിലെടുത്ത റിയാസിനെ തൃശൂരിലെത്തിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

