കോട്ടയം: എംസി റോഡിൽ മണിപ്പുഴ ലുലുമാളിന് സമീപത്ത് അഞ്ചു വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം. മണിപ്പുഴ ലുലുമാളിന് എതിർദിശയിലുള്ള ടയോട്ട ഷോറൂമിലേയ്ക്ക് എത്തിയ ഇന്നോവ വാഹനത്തിലും രണ്ട് കാറുകളിലും ഒരു പിക്കപ്പിലും ടാങ്കർ ലോറി ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നാലു വാഹനങ്ങൾ പൂർണമായും തകർന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെ എംസി റോഡിൽ ലുലുമാളിനു മുന്നിലായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും എത്തിയ ഇന്നോവ നിപ്പോൾ ടയോട്ടയിലേയ്ക്കു തിരിയുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഈ സമയം ഇന്നോവയ്ക്ക് പിന്നാലെ എത്തിയ വാഗണർ കാറിലും, എസ്.യുവിയിലും പിക്കപ്പിലും ടാങ്കർ ലോറി ഇടിയ്ക്കുകയായിരുന്നു.

ആദ്യം വാഗണറിൽ ഇടിച്ച ടാങ്കർ ലോറി വാഗണറിനെ നിരക്കി നീക്കി മറ്റു വാഹനങ്ങളിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. വാഹനങ്ങൾ എല്ലാം റോഡിനു കുറുകെ കിടന്നതോടെ എംസി റോഡിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി.
