കൊല്ലം: സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരുന്നു. കൊല്ലം നീണ്ടകര ഹാർബറിൽ ഒരു കിലോ മത്തിക്ക് 280 മുതൽ 300 രൂപവരെയെത്തി. മത്സ്യലഭ്യതയിലെ കുറവും ട്രോളിങ് നിരോധനവുമാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. വരും ദിവസങ്ങളില്‍ ഇനിയും വില ഉയരുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. 52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 ന് അവസാനിക്കും. ട്രോളിംഗ് നിരോധന കാലയളവിൽ ഇളവ് വേണമെന്നാണ് മത്സ്യബന്ധന മേഖലയുടെ ആവശ്യം.

രണ്ട് മാസത്തോളം നീളുന്ന ട്രോളിംഗ്നിരോധന കാലത്ത് പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി. തുറമുഖങ്ങളുടെ പ്രവർത്തനം ഓരോന്നായി അവസാനിപ്പിച്ച് തുടങ്ങി. ഇന്നലെവരെ കിട്ടിയ സമ്പാദ്യം കൊണ്ട് വേണം ഈ വറുതിക്കാലം തള്ളി നീക്കാൻ. എന്നാൽ നഷ്ടക്കണക്ക് മാത്രം പറയാനുള്ളവരുടെ കയ്യിൽ ഒന്നുമില്ല.

മത്സ്യലഭ്യതയിലെ കുറവും ഡീസൽ വിലക്കയറ്റവും ഈ തൊഴിൽമേഖലയെ ആകെ തളർത്തി. ട്രോളിംഗ് നിരോധനത്തിന്‍റെ അവസാന 15 ദിവസം ഇളവ് നൽകണമെന്നാണ് ബോട്ടുകാരുടെ ആവശ്യം. ട്രോളിംഗ് നിരോധ സമയത്ത് സർക്കാർ നൽകുന്ന സൗജന്യ റേഷൻ കാലതാമസമില്ലാതെ ലഭ്യമാക്കണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *