വൈകീട്ട് ആറിനാണ് ചട്ടിപ്പറമ്പിലെ വീട്ടിൽ അസ്മ പ്രസവിച്ചത്. രക്തപ്രവാഹം നിലയ്ക്കാതെ മൂന്നുമണിക്കൂറോളം മരണവേദനയനുഭവിച്ചശേഷം ഒൻപതുമണിയോടെ മരിച്ചു. അടുത്തദിവസം ഏഴുമണിയോടെയാണ് മൃതദേഹവും നവജാതശിശുവും പെരുമ്പാവൂരിലെ വീട്ടിലെത്തുന്നത്.

ചോരയിൽ കുളിച്ചെത്തിയ കുഞ്ഞിനെ നേരേ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റുകയും ചെയ്തു. പത്തുമണിക്കൂറിലേറെ സമയം ആ ചോരക്കുഞ്ഞ് ഒരിറ്റു മുലപ്പാൽപോലും നുണയാനാകാതെ, പരിചരണങ്ങളില്ലാതെ, ദേഹത്തെ ചോരപോലും തുടയ്ക്കാതെ, നാലുമണിക്കൂറോളം യാത്രയും ചെയ്ത് നേരേ അത്യാഹിതവിഭാഗത്തിലെ കിടക്കയിലേക്ക്.

ആ കുഞ്ഞിനോടു കാണിച്ച ക്രൂരത ആരെങ്കിലും ചർച്ചചെയതോ? മുലപ്പാൽ ഒരു കുഞ്ഞിന്റ ജന്മാവകാശമായിരിക്കെ ആരാണ് ഈ കുഞ്ഞിനു വേണ്ടി സംസാരിക്കേണ്ടത്? ഇത്തരം സാഹചര്യങ്ങളിൽ കുഞ്ഞിന് ഗ്ലൂക്കോസ് കുറഞ്ഞ് ഹൈപ്പോ ഗ്ലൈസീമിയ എന്ന അവസ്ഥയുണ്ടാകാമെന്ന് കോട്ടയ്ക്കൽ ആസ്റ്റർ മിംസിലെ സീനിയർ ഗൈനക്കോളജിസ്റ്റ് കെ.ടി. റഹ്മത്തുന്നീസ പറയുന്നു.

ഇത് അപസ്മാരം പോലുള്ള അവ സ്ഥയിലേക്കു നയിക്കാം. ഭാവിയിൽ ആരോഗ്യമുള്ള വ്യക്തിയായി വളരേണ്ട കുഞ്ഞിന് രാജ്യം നൽകുന്ന ഒരു സംരക്ഷണവും പരിചരണവും ലഭിക്കുന്നില്ല എന്നതാണ് വീട്ടുപ്രസവത്തിന്റ പ്രശ്നം.

മറിയം പൂവിന്റെ മറിമായങ്ങൾ

വടക്കേ ആഫ്രിക്കയിലും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലും കണ്ടുവരുന്ന ഈ മരുഭൂമി സസ്യത്തെ ചിലയിടങ്ങളിൽ ‘സഫാദ് മറിയം’ എന്നും ‘കാഫ് മറിയം’ എന്നും വിളിക്കും. നമ്മുടെ നാട്ടിൽ ‘മറിയംപൂവ്’ എന്നാണ് വിളിക്കുക. ഇതിന്റെ ശരിക്കുള്ള പേര് ‘ജെറിക്കോ റോസ്’ എന്നാണ്. ശാസ്ത്രീയനാമം ‘അനസ്മാറ്റിക്ക ഹിറോഷന്റിക്ക’. പടർന്ന ഇലകളുള്ള ഈ ചെടി ഉണങ്ങിയാൽ പന്തുപോലെ ചുരുളും. ഈ ചുരുൾ വെള്ളത്തിലിട്ടാൽ വീണ്ടും വിടരുകയും ചെയ്യും. ഈ പൂവിനെപ്പറ്റി കുറേ കെട്ടുകഥകളുണ്ട്.

പല അസുഖങ്ങൾക്കും മരുന്നാണെന്നും സുഖപ്രസവത്തിനു സഹായിക്കുമെന്നും പ്രചരിപ്പിച്ചാണ് കച്ചവടം പൊടിപൊടിക്കുന്നത്. ഒന്നിനും ശാസ്ത്രീയമായ അടിത്തറയില്ല. ഇന്നുവരെ തെളിയിക്കപ്പെട്ടിട്ടുമില്ല. ചിലർ ഇതിന്റെ ഇതളുകൾ വെള്ളത്തിലിട്ട് കുടിക്കാൻ കൊടുക്കും. ചിലർ ഗർഭിണിയുടെ കട്ടിലിനുതാഴെ ഒരുപാത്രത്തിലെ വെള്ളത്തിലിട്ടുവെക്കും. വിടർന്നാൽ സുഖപ്രസവമാണെന്നാണു വിശ്വാസം. ഇത് സ്വാഭാവികമായും വിടരുകയും ചെയ്യും.

സുഖപ്രസവമാണെങ്കിൽ പിന്നെ ആശുപത്രിയിൽ പോകേണ്ടതില്ലെന്നും വീട്ടിൽത്തന്നെ പ്രസവിച്ചാൽ മതിയെന്നും വീട്ടുകാർ തീരുമാനിക്കുമ്പോഴാണ് ഈ പൂവ് അപകടകാരിയായി മാറുന്നത്. ഇത്തരം സംഭവങ്ങളും ജില്ലയിൽ നേരത്തേ ഉണ്ടായിട്ടുണ്ട്. ഇതിന്റെ പേരിൽ പ്രചരിക്കപ്പെടുന്ന കഥകളെല്ലാം അന്ധവിശ്വാസങ്ങളാണെന്ന് പല മതപുരോഹിതൻമാരും വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും മറിയംപൂവ് ഒരു അദ്ഭുതപൂവായി ഇപ്പോഴും പലവീടുകളിലും വിടരുന്നു.

മറിയം പൂവിട്ടുവെച്ച വെള്ളം കൊടുക്കുന്നത് പലതവണ കണ്ടിട്ടുണ്ടെന്ന് ഡോ. റഹ്മത്തുന്നീസ പറയുന്നു. തന്റെ രോഗികളോട് അത് കർശനമായി വിലക്കിയിട്ടുണ്ട്. ഗർഭാശയത്തെ ചുരുക്കുന്ന എന്തോ ഘടകം അതിലുണ്ട്. ഇതുപയോഗിക്കുമ്പോൾ കൂടുതലായി മഷിയെടുക്കുന്നതും കണ്ടിട്ടുണ്ടെന്ന് ഡോക്ടർ പറയുന്നു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *