കണ്ണൂർ: ഇരിട്ടി കുന്നോത്ത് സെന്‍റ് ജോസഫ് യുപി സ്കൂളിൽ തലകറങ്ങി വീണ കുട്ടിയോട് അധ്യാപിക മോശമായി പെരുമാറിയെന്ന പരാതി അടിസ്ഥാന രഹിതമെന്ന് സ്കൂൾ മാനേജ്മെന്‍റ്. അന്വേഷണ കമ്മീഷനു മുൻപിൽ ലഭിച്ച മൊഴികൾ ഭൂരിഭാഗവും ആരോപണം തള്ളുന്നതാണ്. കൂടാതെ തലകറങ്ങി വീണ കുട്ടിയും ആരോപണം നിഷേധിച്ചു. പരാതിക്ക് പിന്നിൽ ബാഹ്യ ശക്തികളുടെ ഇടപെടൽ സംശയിക്കുന്നെന്നാണ് മാനേജ്മെന്‍റ് പറയുന്നത്. ക്ലാസിൽ വീണ കുട്ടിയെ അധ്യാപിക പരിപാലിച്ചത് നല്ല നിലയിലാണെന്നും പിതൃ സഹോദരന്‍റെ പരാതി രമ്യമായി പരിഹരിച്ചു എന്നും തലശ്ശേരി കോർപ്പറേറ്റ് എജുക്കേഷനൽ ഏജൻസി വ്യക്തമാക്കി

വിദ്യാർത്ഥിനി തല കറങ്ങിവീണ വിവരം അറിയിക്കാനെത്തിയ സഹപാഠികളോട് തല കറങ്ങി വീണ കുട്ടി തന്നെ വന്ന് പറയട്ടെയെന്ന് ക്ലാസ് ടീച്ചർ പറഞ്ഞെന്നും പിന്നാലെ ക്ലാസ് മുറിയിലെത്തിയ അധ്യാപിക സഹപാഠികളുടെ മുന്നിൽ വച്ച് താഴെ വീണ് കിടക്കുന്ന വിദ്യാർത്ഥിനിയെ ചവിട്ടുകയും ചത്തിട്ടില്ലേയെന്നും ചോദിക്കുകയും ചെയ്തതായാണ് രക്ഷിതാക്കൾ നൽകിയ പരാതിയില്‍ പറഞ്ഞിരുന്നത്. സ്കൂളിലെത്തിയ രക്ഷിതാക്കൾ പ്രധാനാധ്യാപകന് പരാതി നൽകി പ്രതിഷേധിച്ചിരുന്നു. ആരോപണങ്ങൾ ഉയർന്നതോടെ അധ്യാപിക തനിക്ക് പറ്റിയ വീഴ്ചകൾ സമ്മതിക്കുകയും വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. കുട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തനിക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നില്ലെന്നും കുട്ടിയെ മർദിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്തിട്ടില്ലെന്നും ശകാരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അധ്യാപികയുടെ പ്രതികരിച്ചിരുന്നു. എന്നാല്‍ നിലവില്‍ പരാതി നല്‍കിയ കുട്ടിയും ആരോപണങ്ങളില്‍ നിന്ന് പിന്മാറിയിട്ടുണ്ട്

