ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ് പ്രാചരണ വേളയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മുവിലെ കഠ്വയില്‍ നടന്ന പൊതു സമ്മേളനത്തിനിടെയാണ് ഖര്‍ഗെയ്ക്ക് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായത്. അല്‍പ സമയം കഴിഞ്ഞ് വേദിയില്‍ തിരിച്ചെത്തിയ അദ്ദേഹം പ്രധാനമന്ത്രി മോദിയെ അധികാരത്തില്‍ നിന്ന് നീക്കുന്നത് വരെ താന്‍ ജീവനോടെയിരിക്കുമെന്ന് പ്രഖ്യാപിച്ചു.

ഇന്ന് ഉച്ചയോടെയാണ് സംഭവം. പ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ അവശനായിരുന്നു. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ വേദിയിലുണ്ടായിരുന്ന മറ്റ് നേതാക്കള്‍ സഹായത്തിനായെത്തി. അല്‍പ്പം വെള്ളം കുടിച്ച ശേഷം അദ്ദേഹം വീണ്ടും പ്രസംഗിക്കാനായെത്തി.

എനിക്ക് 83 വയസായി. പെട്ടന്നൊന്നും മരിക്കാന്‍ പോകുന്നില്ല. മോദിയെ അധികാരത്തില്‍ നിന്ന് നീക്കുന്നത് വരെ ഞാന്‍ ജീവനോടെയിരിക്കും – തിരിച്ചെത്തിയ ഖര്‍ഗെ പറഞ്ഞു. വീണ്ടും പ്രസംഗം തുടരാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് സാധിച്ചില്ല. ശാരീരിക ബുദ്ധിമുട്ട് പിന്നെയും ഉണ്ടായതോടെ ഖര്‍ഗെ മടങ്ങി.

ഖര്‍ഗെയുടെ ആരോഗ്യനില തൃപ്തികരമെന്നും രക്തസമ്മര്‍ദ്ദം കുറഞ്ഞതാണ് കാരണമെന്നും മകന്‍ പ്രിയങ്ക് ഖര്‍ഗെ അറിയിച്ചിട്ടുണ്ട്. അതേസമയം, ഒക്ടോബര്‍ ഒന്നിനാണ് ജമ്മുകശ്മീരില്‍ അവസാനഘട്ട തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. മൂന്നാംഘട്ട പ്രചാരണങ്ങള്‍ ഇന്ന് അവസാനിക്കുകയാണ്.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *